ബ്രക്സിറ്റ് കരാര്‍ തീയതി നീട്ടുന്നതിന് പാര്‍ലമെന്‍റിന്‍റെ അംഗീകാരം

By Web TeamFirst Published Mar 15, 2019, 6:55 AM IST
Highlights

പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആശ്വാസമാകുന്ന വിജയമാണ് വ്യാഴാഴ്ച പാർലമെൻറിലുണ്ടായത്. 

ലണ്ടന്‍: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിനുള്ള ബ്രെക്സിറ്റ് കരാർ തീയതി നീട്ടുന്നതിന് പാർലമെന്റിന്റെ അംഗീകാരം. ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ എംപിമാര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ ബ്രെക്സിറ്റ് മാര്ച്ച് 29ന് നടക്കില്ലെന്ന് ഉറപ്പായി.

കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടാനുള്ള നീക്കം ബ്രിട്ടീഷ് പാർലമെന്റ് വോട്ടിനിട്ട് തള്ളിയതിനെ തുടര്‍ന്നാണ് ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതിന് അംഗീകാരം തേടി വീണ്ടും വോട്ടെടുപ്പ് നടന്നത്. പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആശ്വാസമാകുന്ന വിജയമാണ് വ്യാഴാഴ്ച പാർലമെൻറിലുണ്ടായത്. 202 നെതിരേ 412 വോട്ടിനാണ് സർക്കാർ കൊണ്ടുവന്ന ഭേദഗതി പാസായത്. നിലവിലെ കരാറനുസരിച്ച് മാർച്ച് 29-നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടത്.

അതേസമയം ഇത് നടപ്പാക്കാൻ യൂറോപ്യൻ യൂണിയനിലെ ബ്രിട്ടൻ ഒഴികെയുള്ള മറ്റ് 27 അംഗരാജ്യങ്ങളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് യൂറോപ്യൻ യൂണിയൻ. കരാറിന്മേൽ വീണ്ടും ഹിതപരിശോധന വേണമോ എന്ന ഭേദഗതി 85-നെതിരേ 334 വോട്ടുകൾക്കും ബ്രെക്സിറ്റ് നടപടികളുടെ നിയന്ത്രണം പാർലമെന്റ് ഏറ്റെടുക്കണമോ എന്ന ഭേദഗതി 312-നെതിരേ 314 വോട്ടിനുമാണ് പാർലമെന്റ് വ്യാഴാഴ്ച തള്ളിയത്.

അതിനിടെ ബ്രെക്സിറ്റിൽ തൻറെ മൂന്നാമത്തെ കരാർ കൊണ്ടുവന്ന് അതിൽ വോട്ടെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി തെരേസാ മേയ് വ്യാഴാഴ്ച പറഞ്ഞു. ഈ കരാർ ബ്രിട്ടീഷ് പാർലമെൻറ് അംഗീകരിച്ചാൽ ബ്രിട്ടൻ ജൂൺ 30-ന് യൂറോപ്യൻ യൂണിയൻ വിടുമെന്ന് മേയ് പറഞ്ഞു. അടുത്തയാഴ്ച പുതിയ കരാർ അവതരിപ്പിക്കുമെന്നാണ് മേയ് പാർലമെന്റിന് ഉറപ്പ് നൽകിയത്.

click me!