
ലാഹോർ: പതിറ്റാണ്ടുകൾക്കിടയിൽ ഒരു ദിവസം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണം നേരിട്ട് പാകിസ്ഥാൻ. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് വിവിധയിടങ്ങളിലാണ് ചാവേർ ആക്രമണവും ഭീകരാക്രമണവും ശനിയാഴ്ച നടന്നത്. 120ലേറെ പേരാണ് ബലൂചിസ്ഥാനിൽ ശനിയാഴ്ച മാത്രം കൊല്ലപ്പെട്ടത്. ഒറ്റ ദിവസത്തിലുണ്ടാവുന്ന ഏറ്റവും വലിയ ആക്രമണത്തിലൊന്നാണ് ശനിയാഴ്ച നടന്നതെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. സാധാരണക്കാരെ തെരഞ്ഞ് പിടിച്ച് ബലൂച് നുഴഞ്ഞുകയറ്റക്കാർ എന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉന്നത സുരക്ഷയുള്ള ജയിൽ, പൊലീസ് സ്റ്റേഷൻ, പാരാമിലിട്ടറി സുരക്ഷാ സംവിധാനങ്ങളും ആക്രമണങ്ങളിൽ തകർന്നു. 15 സുരക്ഷാ ഉദ്യോഗസ്ഥരും 92 അക്രമികളും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ പിന്തുണയോടെ നടന്ന ആക്രമണം എന്നാണ് പാക് മന്ത്രി മൊഹ്സിൻ നഖ്വി ആരോപിച്ചത്. എന്നാൽ വിഷയത്തിൽ ഇന്ത്യ ആരോപണം തള്ളിയിട്ടുണ്ട്.
ബലൂച് ലിബറേഷൻ ആർമി അഥവാ ബിഎൽഎ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിനിടെ ചില ബാങ്കുകൾ കൊള്ളയടിക്കപ്പെട്ടു. നിരവധി വാഹനങ്ങളാണ് അക്രമികൾ അഗ്നിക്കിരയാക്കിയത്. ആക്രമണത്തിൽ വനിതാ പോരാളികളും പങ്കെടുക്കുന്നതിന്റെ വീഡിയോകളും ബിഎൽഎ പുറത്തുവിട്ടിട്ടുണ്ട്. ഭീകരാക്രമണത്തിൽ വനിതാ സാന്നിധ്യമുണ്ടെന്നുള്ള വിവരം വിശദമാക്കാൻ ലക്ഷ്യമിട്ടാണ് വീഡിയോ പുറത്ത് വിട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ വർഷം മാത്രം 700ലേറെ ബലൂച് ഭീകരവാദികളെ കൊലപ്പെടുത്തിയെന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ വിവിധയിടങ്ങളിലായി ഒരേ സമയത്താണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ മേഖലയിലേക്കുള്ള പാകിസ്ഥാൻ റെയിൽ വേ സർവ്വീസ് നിർത്തിവച്ചിരിക്കുകയാണ്. ബിഎൽഎ റെയിൽവേ ട്രാക്കുകൾ തകർക്കുകയും ജയിൽ ആക്രമിച്ച് തടവുകാരെ മോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്വറ്റ, മസ്തൂംഗ്, നുഷ്കി, ഗദ്ദർ, പസ്നി അടക്കമുള്ള ഇടങ്ങളിൽ ആക്രമണം നടന്നു. ഗദ്ദറിലും പസ്നിയിലും ഭീകരവാദികൾ ബസുകൾ തടഞ്ഞുനിർത്തി സാധാരണക്കാരെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമങ്ങളും നടന്നു. നുഷ്കിയിലെ പാരാമിലിട്ടറി ആസ്ഥാനം ആക്രമിക്കാൻ ശ്രമിച്ച ഭീകരരെ സൈന്യം തടഞ്ഞു. മസ്തൂംഗിൽ അതീവ സുരക്ഷയുള്ള ജയിൽ ആക്രമിച്ച് 30-ലധികം തടവുകാരെ ഭീകരർ മോചിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam