
ദില്ലി: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന് പാകിസ്താൻ ഭീകരവിരുദ്ധ കോടതി 31 വർഷം തടവ് ശിക്ഷ വിധിച്ചതായി റിപ്പോർട്ട്. ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ സ്ഥാപകനും ജമാഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സയീദിനെ രണ്ട് കേസുകളിലായാണ് പാക് കോടതി ശിക്ഷിച്ചത്. ഇയാളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനും 3,40,000 രൂപ പിഴ ചുമത്താനും കോടതി ഉത്തരവിട്ടു. ഹാഫിസ് സയീദ് നിർമ്മിച്ചതായി പറയപ്പെടുന്ന ഒരു പള്ളിയും മദ്റസും സർക്കാർ ഏറ്റെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
70 കാരനായ ഹാഫിസ് സയീദിനെ ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസുകളിൽ 15 വർഷം ശിക്ഷിച്ചിരുന്നു. നേരത്തെയും ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. വീട്ടുതടങ്കലിലായിരുന്ന സമയങ്ങളിലും ഇയാൾ സ്വതന്ത്രമായി നടന്നിരുന്നെന്നും ഇന്ത്യയെ ലക്ഷ്യമിട്ട് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2019ൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ യുഎസ് സന്ദർശനത്തിന് തൊട്ടുമുമ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 10 വർഷത്തെ തിരച്ചിലിനൊടുവിലാണ് പാക് ഭീകരനെ കസ്റ്റഡിയിലെടുത്തതെന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
തീവ്രവാദ വിരുദ്ധ കോടതിയിൽ ഹാജരാകാൻ ലാഹോറിൽ നിന്ന് ഗുജ്‌റൻവാലയിലേക്ക് പോകുകയായിരുന്ന സയീദിനെ പഞ്ചാബിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (സിടിഡി) അറസ്റ്റ് ചെയ്തത്. 2001 മുതൽ എട്ട് തവണ സയീദിനെ അറസ്റ്റ് ചെയ്തെങ്കിലും വിട്ടയച്ചെന്ന് യുഎസ് ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചൂണ്ടിക്കാട്ടി. 2008 നവംബർ 26ന് മുംബൈയിൽ 166 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഹാഫിസ് സയീദ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam