
ഹവാന: വൈദ്യുത ശൃംഖല വീണ്ടും തകർന്നു. ഇരുട്ടിലായി ദശലക്ഷങ്ങൾ. കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിലാണ് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഹവാന അടക്കമുള്ള പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ വെള്ളിയാഴ്ച മുതൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണുള്ളത്. രാത്രി ഏട്ടേകാലോടെ രാജ്യ തലസ്ഥാനമായ ഹവാനയിലെ സബ്സ്റ്റേഷനിലുണ്ടായ തകരാറാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നാണ് ഊർജ്ജ ഖനി മന്ത്രാലയം വിശദമാക്കുന്നത്.
ക്യൂബയുടെ പടിഞ്ഞാറൻ മേഖലയും ദേശീയ വൈദ്യുത ശൃംഖലയേയും നിലവിലെ തകരാറ് സാരമായി ബാധിച്ചിട്ടുണ്ട്. ജനറേറ്റർ പ്രവർത്തിക്കുന്ന ഏതാനും ചില വിനോദ സഞ്ചാരികൾ സജീവമായ ഹോട്ടലുകളിൽ മാത്രമാണ് വൈദ്യുതിയുള്ളത്. 10 ദശലക്ഷം ആളുകൾക്കാണ് വൈദ്യുതി ബന്ധം നഷ്ടമായിട്ടുള്ളതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭൂരിഭാഗം മേഖലകളിൽ ഇന്റർനെറ്റ് ബന്ധവും വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. ഗ്വാണ്ടനാമോ, ആർട്ടിമിസാ, സാന്റിയാഗോ ഡി ക്യൂബ, സാന്റാ ക്ലാരയിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്.
വീണ്ടും മിഴി പൂട്ടി 'അന്റോണിയോ ഗുട്ടെറസ്', കമ്മ്യൂണിസ്റ്റ് രാജ്യം ഇരുട്ടിലാവുന്നത് പതിവ് കാഴ്ച
വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയതായാണ് ഊർജ്ജമന്ത്രാലയം എക്സിലെ കുറിപ്പിൽ വിശദമാക്കിയിട്ടുള്ളത്. പീക്ക് ഔവ്വറിൽ 3250 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യമാണ് രാജ്യത്തുള്ളതെന്നാണ് ഇലക്ട്രിക് യൂണിയൻ ഏജൻസി വിശദമാക്കുന്നത്. കഴിഞ്ഞ വർഷവും സമാനമായ രീതിയിലുള്ള വൈദ്യുതി പ്രതിസന്ധി ക്യൂബ നേരിട്ടിരുന്നു. രാജ്യത്തെ പാതിയിലേറെ ജനങ്ങൾ നിലവിൽ പീക്ക് ഔവ്വറുകളിൽ പവർ കട്ട് നേരിടുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നത് മുതൽ ദൈനം ദിന ആവശ്യങ്ങൾ വൈദ്യുതിയെ ആശ്രയിച്ചുള്ളതിനാൽ വലിയ രീതിയിലാണ് പ്രതിസന്ധി സാധാരണക്കാരെ ബാധിക്കുന്നത്. ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ അടക്കം കൃത്യ സമയത്ത് ലഭ്യമാകാത്ത സ്ഥിതിയാണ് ക്യൂബ നിലവിൽ നേരിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം