പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ ഇറാൻ നേതാക്കൾ യോഗം ചേർന്ന ക്യൂമിലെ കെട്ടിടം തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ, ആക്രമിക്കപ്പെട്ടത് പഴയ കെട്ടിടമാണെന്നും യോഗം അവിടെയല്ല നടന്നതെന്നും ഇറാൻ പ്രതികരിച്ചു

ടെഹ്റാൻ: ആയത്തുള്ള അലി ഖമനേയിയുടെ പകരക്കാരനായി പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഇറാൻ നേതാക്കൾ നടത്തിയ യോഗത്തിനിടെ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ. ഇറാനിലെ പ്രമുഖ നേതാക്കൾ യോഗം ചേർന്ന ക്യൂമിലെ കെട്ടിടം വ്യോമാക്രമണത്തിൽ തകർത്തെന്നാണ് ഇസ്രായേലിന്‍റെ അവകാശവാദം. അമേരിക്കൻ - ഇസ്രയേൽ സംയുക്താക്രമണത്തിൽ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പിൻഗാമിയെ നിശ്ചയിക്കാനായി ഇന്ന് അതീവ രഹസ്യമായ ചർച്ചകൾ പുരോഗമിക്കവെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ പറയുന്നത്. ഇറാനിലെ മതനേതാക്കളും ഭരണകർത്താക്കളും ഉൾപ്പെടുന്ന വിദഗ്ധ സമിതിയുടെ സുപ്രധാന കേന്ദ്രം ആക്രമണത്തിൽ തകർന്നെന്നും ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദം ഇറാൻ തള്ളിക്കളഞ്ഞു. ഇസ്രയേൽ തകർത്തു എന്നവകാശപ്പെടുന്നത് പഴയ കെട്ടിടമാണെന്നും ഇവിടെയല്ല പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി യോഗം ചേരുന്നതെന്നും ഇറാൻ പ്രതികരിച്ചു.

ഇറാന്‍ പ്രസിഡന്‍റിന്‍റെ ഓഫീസും തകർത്തെന്ന് ഇസ്രയേൽ

ഇറാനിലെ ഭരണസിരാകേന്ദ്രങ്ങൾക്ക് നേരെ അതിശക്തമായ മിസൈൽ ആക്രമണം നടത്തിയെന്നും ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്. ഇന്ന് നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ കെട്ടിടവും പൂർണ്ണമായും തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. അതീവ സുരക്ഷാ മേഖലയായ ഈ പരിസരത്ത് ഇസ്രായേൽ വ്യോമസേന നിരവധി മിസൈലുകളാണ് വർഷിച്ചതെന്നും റിപ്പോർട്ട് ഉണ്ട്. ടെഹ്റാനിലെ ഹൃദയഭാഗത്തുള്ള സൈനിക പരിശീലന കേന്ദ്രങ്ങളും തന്ത്രപ്രധാനമായ കെട്ടിടങ്ങളും ആക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. ഖമനേയിയുടെ മരണത്തിന് പിന്നാലെ രൂപീകരിച്ച താൽക്കാലിക ഭരണസമിതിയെയും ഭരണകൂടത്തെയും പൂർണ്ണമായും നിശ്ചലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നീക്കമെന്നാണ് ഇസ്രായേൽ പറയുന്നത്.