ഗൾഫ് മേഖലയിലുള്ള ഒരു കോടിയിലധികം വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് റഷ്യയുടെ വാഗ്ദാനം

മോസ്കോ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഇന്ധന സഹായം വാഗ്ദാനം ചെയ്ത് റഷ്യ. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഇന്ധന വിതരണത്തിൽ തടസ്സമുണ്ടായാൽ ഇന്ത്യയെ സഹായിക്കാൻ റഷ്യ തയ്യാറാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ ഈ നിർണായക വാഗ്ദാനം. ഗൾഫ് മേഖലയിലുള്ള ഒരു കോടിയിലധികം വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് റഷ്യയുടെ വാഗ്ദാനം. നേരത്തെ പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇതിനൊപ്പം അമേരിക്ക മുൻകൈയെടുത്ത് ചർച്ചകൾക്ക് വഴിതുറക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമേരിക്കയോടുള്ളത് 'ചെകുത്താനോടുള്ള യുദ്ധം' ആണെന്നും ശത്രുവിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് റഷ്യയോട് പ്രതികരിച്ചത്. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വിശദമാക്കിയിരുന്നു.

പശ്ചിമേഷ്യയിൽ അതിവേഗം പടരുന്ന സംഘർഷത്തിൽ കടുത്ത ആശങ്കയാണ് ഇന്ത്യ രേഖപ്പെടുത്തിയത്. യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് ഗൾഫ് മേഖലയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ വ്യാപാര, ഊർജ്ജ പാതകളെ തടസ്സപ്പെടുത്തുമെന്നും ഇന്ത്യ വിശദമാക്കിയിരുന്നു. ഫെബ്രുവരി 28ന് ഇറാന് നേരെ യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയതോടെയാണ് മേഖലയിൽ സ്ഥിതി വഷളായത്. ഇതിന് പിന്നാലെ ഇറാൻ തിരിച്ചടിക്കുകയും ചെയ്തു. ചൊവ്വാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സാഹചര്യം കൂടുതൽ വഷളായതായി പറയുന്നു. ചൊവ്വാഴ്ച പല രാജ്യങ്ങളിലും പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇറാനിൽ നിന്ന് തൊടുത്തുവിട്ട മിസൈലുകൾ ഇസ്രയേൽ തടഞ്ഞതോടെ ജറുസലേമിൽ വലിയ സ്ഫോടനങ്ങളുണ്ടായി. ടെഹ്‌റാനിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിലും കരാജ്, ഇസ്ഫഹാൻ നഗരങ്ങളിലും സ്ഫോടനമുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ ഇറാൻ പ്രസിഡന്റിന്റെ ഓഫീസും ദേശീയ സുരക്ഷാ കൗൺസിൽ കെട്ടിടവും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു.

ആക്രമണം തുടങ്ങിയതിന് ശേഷം രാജ്യത്ത് 780ൽ അധികം പേർ കൊല്ലപ്പെട്ടതായി ഇറാനിലെ റെഡ് ക്രസന്റ് അറിയിച്ചു. എന്നാൽ ഈ കണക്ക് സ്ഥിരീകരിക്കാനായിട്ടില്ല.ഗൾഫ് രാജ്യങ്ങളിലായി ഒരു കോടിയോളം ഇന്ത്യക്കാരാണ് ജീവിക്കുന്നതും ജോലി ചെയ്യുന്നതും. അവരുടെ സുരക്ഷയാണ് സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയെന്ന് ഇന്ത്യയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം