മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം ; ആവശ്യവുമായി ലോകരാജ്യങ്ങള്‍

By Web TeamFirst Published Feb 28, 2019, 7:55 AM IST
Highlights

കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോടെ ഇപ്പോള്‍ പാകിസ്ഥാനിലുള്ള മസൂദിനെതിരെ നടപടി സ്വീകരിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് ബലം പകരുമെന്നാണ് വിലയിരുത്തല്‍.

ന്യൂയോര്‍ക്ക്: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ലോക രാജ്യങ്ങള്‍. യു എന്‍ രക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ മൂന്ന് രാജ്യങ്ങളാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. പുല്‍വാമ അക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ സമ്മര്‍ദ്ദം ശക്തമായിരിക്കുകയാണ്. 

ഐക്യരാഷ്ട്രാ രക്ഷാസമിതിയില്‍ ജെയ്ഷെ മുഹമ്മദിനെ നേരത്തേ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജെയ്ഷെ മുഹമ്മദ് സ്ഥാപകനും തലവനുമായ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ചൈന ഒരിക്കലും തയ്യാറായിരുന്നില്ല. വീറ്റോ അധികാരം ഉപയോഗിച്ച് രക്ഷാസമിതിയില്‍ ഈ ആവശ്യത്തെ ചൈന എതിര്‍ക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭിയല്‍ മസൂദ് അസ്ഹറിന്‍റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാടിനെതിരെയായിരുന്നു ചൈന ഇതുവരെ നിലകൊണ്ടത്. 

എന്നാല്‍ ഫ്രാന്‍സിന്‍റെ ഭാഗത്തുനിന്ന് ഇപ്പോഴുണ്ടായിരിക്കുന്ന നീക്കത്തിന് കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണയാണ് ലഭിക്കുന്നത്. മസൂദ് അസ്ഹറിനെ ലോകത്തെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയെന്നതാണ് ഫ്രാന്‍സ് ഉദ്ദേശിക്കുന്നത്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോടെ ഇപ്പോള്‍ പാകിസ്ഥാനിലുള്ള മസൂദിനെതിരെ നടപടി സ്വീകരിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് ബലം പകരും.

അതേസമയം പാകിസ്ഥാന്‍ ഇന്നലെയും ഇന്നുമായി നടത്തുന്ന പ്രകേപനത്തിലൂടെ ഇന്ത്യ - പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ലോകത്തെ അറിയിക്കാനാണ് ശ്രമിക്കുന്നത്.  ഇതിലൂടെ അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ഇടപെടല്‍ ക്ഷണിക്കുക, അതുവഴി പ്രശ്നം പരിഹിരിക്കുക എന്നതാണ് പാകിസ്ഥാന്‍റെ ലക്ഷ്യമെന്ന  സംശയം ഇന്ത്യക്കുയ്ണ്ട്. എന്നാല്‍ ലോക രാഷ്ട്രങ്ങള്‍ ഇന്ത്യ പാക് സംഘര്‍ഷത്തിന് അയവുവേണമെന്ന് ആവശ്യപ്പെടുമ്പോഴും ഭീകരവാദത്തിനെതിരായ നടപടിവേണമെന്ന ആവശ്യം ശക്തമാകുകയാണ്.

click me!