
ജക്കാർത്ത: കോടികൾ വില വരുന്ന മാരക മയക്കുമരുന്നുമായി എത്തിയ കപ്പൽ പിടികൂടി ഇന്തോനേഷ്യ. 425 മില്യൺ ഡോളർ (ഏകദേശം 36378110025 രൂപ) വില വരുന്ന മാരക മയക്കുമരുന്നായ മെത്താംഫെറ്റാമൈൻ, കൊക്കൈയ്ൻ എന്നിവയാണ് സുമാത്രയ്ക്ക് സമീപമെത്തിയ കപ്പലിൽ നിന്ന് ഇന്തോനേഷ്യൻ അധികൃതർ പിടികൂടിയത്. ഒരു തായ്ലാൻഡ് സ്വദേശിയും നാല് മ്യാൻമാർ സ്വദേശികളുമാണ് കപ്പലിൽ നിന്ന് പിടിയിലായതെന്നാണ് ഇന്തോനേഷ്യൻ നാവിക സേന വെള്ളിയാഴ്ച വിശദമാക്കിയത്.
നാവിക സേനാ കപ്പലുകൾ കണ്ടതോട ലൈറ്റുകൾ ഓഫ് ചെയ്ത് അമിത വേഗത്തിൽ പോകാനുള്ള ശ്രമത്തിനിടയിലാണ് ഇന്തോനേഷ്യൻ നാവിക സേന കപ്പൽ പിടികൂടിയത്. ഇന്തോനേഷ്യൻ സമുദ്രാതിർത്തി കടക്കാനുള്ള ശ്രമത്തിലായിരുന്നു കപ്പലിലെ ജീവനക്കാർ. റിയാവു ദ്വീപിലെ താൻജുംഗ് ബാലായി കരിമുൻ മേഖലയിൽ നിന്നാണ് കപ്പൽ പിടികൂടിയത്.മഞ്ഞയും വെള്ളയും നിറത്തിലുള്ള ചാക്കുകളിലായി സൂക്ഷിച്ച 1.2 ടൺ കൊക്കെയ്നും 705 കിലോഗ്രാം മെത്താംഫെറ്റാമൈൻ എന്നിവയാണ് ഇന്തോനേഷ്യൻ നാവിക സേന കപ്പലിൽ നിന്ന് പിടികൂടിയത്. മയക്കുമരുന്ന് സംബന്ധികയായ കേസുകൾക്കെതിരെ അതിശക്തമായ നിലപാട് കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള രാജ്യമാണ് ഇന്തോനേഷ്യ.
മയക്കുമരുന്ന് കടത്തിന് ഇന്തോനേഷ്യയിൽ വധശിക്ഷയാണ് ശിക്ഷയായി നൽകാറ്. ലഹരി ഉപയോഗത്തിനും ലഹരി കടത്തിനും ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ നിയമങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ. മയക്കുമരുന്ന് എവിടെ നിന്ന് കൊണ്ടുവന്നതാണെന്നും കപ്പലിന്റെ ലക്ഷ്യസ്ഥാനത്തേക്കുറിച്ചും അന്വേഷണം നടത്തുമെന്നാണ് നാവിക സേനാ വക്താവ് വിശദമാക്കുന്നത്. രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നാണ് നാവിക സേന വിശദമാക്കുന്നത്.
190 ടൺ മെത്താംഫെറ്റാമൈൻ കിഴക്കൻ തെക്ക് കിഴക്കൻ ഏഷ്യാ മേഖലയിൽ 2023ൽ പിടികൂടിയിരുന്നു. ഗൾഫ് ഓഫ് തായ്ലാൻഡിലെ മയക്കുമരുന്ന് മാഫിയ വലിയ രീതിയിൽ ദുരുപയോഗിക്കുന്നതായുള്ള റിപ്പോർട്ട് യുഎൻ പുറത്ത് വിട്ടത് 2024ലാണ്. ഗോൾഡൻ ട്രെയാംഗിൾ എന്ന പേരിൽ കുപ്രസിദ്ധമായ വടക്ക് കിഴക്കൻ മ്യാൻമാർ തായ്ലാൻഡും ലാവോസുമായി ചേരുന്ന മേഖലയിൽ ഏറെക്കാലമായി മയക്കുമരുന്ന് നിർമ്മാണം പതിവാണ്.ജപ്പാൻ മുതൽ ന്യൂസിലാൻഡ് വരെ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഏഷ്യൻ ക്രൈം സിൻഡിക്കേറ്റാണ് ഗോൾഡൻ ട്രെയാംഗിളിലെ മയക്കുമരുന്ന് നിർമ്മാതാക്കൾ. 2022ൽ ജാവ് ദ്വീപിന് സമീപത്തെ മെരാകിൽ 179 കിലോ കൊക്കൈയ്ൻ കണ്ടെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam