
കാഠ്‌മണ്ഡു: ജെൻസി പ്രക്ഷോഭത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ നേപ്പാളിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കനത്ത തിരിച്ചടി. ജെൻസി പ്രക്ഷോഭത്തിന് നായകരിലൊരാളും മുൻ റാപ്പറുമായ ബലേന്ദ്ര ഷാ നയിച്ച രാഷ്ട്രീയ സ്വതന്ത്ര പാർട്ടി രാജ്യത്ത് വൻ ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിച്ചു. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം ആർഎസ്‌പിക്ക് 94 സീറ്റുകളിൽ ലീഡുണ്ട്. രണ്ടാമതുള്ള നേപ്പാളി കോൺഗ്രസിന് 11 സീറ്റുകളിലാണ് ലീഡ്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ യുഎംഎൽ ഏഴ് സീറ്റിലും നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികൾ ഒൻപത് സീറ്റുകളിലും മുന്നിലാണ്. 165 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ രാജ്യത്തെ 67 ഓളം പാർട്ടികളാണ് മത്സരിക്കുന്നത്.
സോഷ്യൽ മീഡിയ നിയന്ത്രണങ്ങളെ തുടർന്ന് ആരംഭിച്ച 2025 ലെ ജെൻ-സി പ്രക്ഷോഭമാണ് നേപ്പാളിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ ഭരണത്തിന് അന്ത്യം കുറിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും തൊഴിലില്ലായ്മയും ഉയർത്തി സംഘടിച്ച പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിച്ചത് സർക്കാരിന് തിരിച്ചടിയായി. 19 യുവാക്കൾ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. തുടർന്ന് പ്രധാനമന്ത്രിയായിരുന്ന കെപി ഒലിക്ക് രാജിവെക്കേണ്ടി വന്നു. ഇടക്കാല സർക്കാർ രാജ്യത്ത് അധികാരമേറ്റു. പിന്നീട് പ്രക്ഷോഭത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലാണെന്ന് ആരോപിച്ച് ഒലിയും കമ്യൂണിസ്റ്റ് പാർട്ടികളും ശക്തമായ പ്രചാരണം നടത്തിയെങ്കിലും ജനം ഇത് വിശ്വസിച്ചില്ല.
പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ജാപ്പയിലെ അഞ്ചാം മണ്ഡലത്തിൽ കെപി ശർമ ഒലിക്കെതിരെയാണ് ബലേന്ദ്ര ഷാ മത്സരിച്ചത്. ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം മണ്ഡലത്തിൽ വൻ മുന്നേറ്റമാണ് ബലേന്ദ്ര ഷാ കാഴ്ചവെക്കുന്നത്. ഒലിക്ക് 1248 വോട്ട് കിട്ടിയപ്പോൾ ബലേന്ദ്ര ഷായ്ക്ക് 5254 വോട്ടാണ് ലഭിച്ചിരിക്കുന്നതെന്ന് കാഠ്‌മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam