ഓസ്‌ട്രേലിയയിലെ മെൽബണിൽ നിന്ന് ഫ്രാൻസിലെ തുലൂസിലേക്ക് 24 മണിക്കൂറിലധികം നിർത്താതെ പറന്ന് ക്വാന്റാസ് വിമാനം പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു. പ്രോജക്റ്റ് സൺറൈസ് പദ്ധതിയുടെ ഭാഗമായ ഈ പരീക്ഷണ പറക്കൽ, എയർബസ് A350 വിമാനത്തിന്റെ ഇന്ധനക്ഷമതയും മറ്റ് സാങ്കേതിക കാര്യങ്ങളും വിലയിരുത്താനാണ് നടത്തിയത്.
മെൽബൺ: ഓസ്‌ട്രേലിയയിൽ നിന്ന് ഫ്രാൻസിലേക്ക് തുടർച്ചയായി 24 മണിക്കൂറിലധികം പറന്ന് വ്യോമയാന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ക്വാന്റാസ് വിമാനം. ജൂലൈ 27ന് പ്രാദേശിക സമയം വൈകുന്നേരം 5.27ന് മെൽബണിൽ നിന്ന് പുറപ്പെട്ട എയർബസ് A350 വിമാനം, പസഫിക് സമുദ്രം, യുഎസ്, കാനഡ, അറ്റ്ലാന്റിക് സമുദ്രം എന്നിവ കടന്ന് 23075 കിലോമീറ്റർ-14338 മൈൽ ദൂരം പിന്നിട്ട് ജൂലൈ 28-ന് രാവിലെ 9.52-ന് ഫ്രാൻസിലെ തുലൂസിലിറങ്ങി. 24 മണിക്കൂറും 24 മിനിറ്റും എടുത്താണ് ഈ ദൂരം വിമാനം യാത്ര പൂർത്തിയാക്കിയത്.
2005ൽ ഹോങ്കോംഗിൽ നിന്ന് ലണ്ടനിലേക്ക് ബോയിംഗ് 777 200എൽആര്‍ നടത്തിയ 22 മണിക്കൂറും 42 മിനിറ്റും നീണ്ട റെക്കോർഡ് പറക്കലിനെയാണ് ഇതോടെ ക്വാന്റാസ് മറികടന്നത്. എഫ്-WULR എന്ന് രജിസ്റ്റർ ചെയ്ത ഈ വിമാനത്തിന്റെ യാത്ര ഫ്ലൈറ്റ്‌റഡാർ24 വഴി 3.6 ദശലക്ഷത്തിലധികം ആളുകളാണ് തത്സമയം കണ്ടത്. എലിസബത്ത് രണ്ടാമൻ രാജ്ഞിയുടെ മൃതദേഹവുമായുള്ള വിമാന സർവീസിന് ശേഷം പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ പേർ തത്സമയം ട്രാക്ക് ചെയ്ത രണ്ടാമത്തെ വിമാന സർവീസായി ഇത് മാറി.
പ്രത്യേകം രൂപകൽപ്പന ചെയ്ത എയർബസ് A350-1000ULR അൾട്രാ ലോംഗ് റേഞ്ച് വിമാനത്തിൽ അധികമായി 20000 ലിറ്റർ ഇന്ധന ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. എട്ട് എയർബസ് ടെസ്റ്റ് ക്രൂ അംഗങ്ങളും രണ്ട് ക്വാന്റാസ് പൈലറ്റുമാരും രണ്ട് എയർബസ് എഞ്ചിനീയർമാരും അടക്കം 12 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കാബിൻ ശബ്ദം, വായുസഞ്ചാരം, ഇന്ധനക്ഷമത എന്നിവ പരിശോധിക്കുന്നതിനായാണ് ഈ പരീക്ഷണ പറക്കൽ നടത്തിയത്.
ഓസ്‌ട്രേലിയൻ തീരത്ത് നിന്ന് ലണ്ടനിലേക്കും ന്യൂയോർക്കിലേക്കും നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നതിനായുള്ള പ്രോജക്റ്റ് സൺറൈസ് പദ്ധതിയുടെ ഭാഗമായി 12 എയർബസ് A350-1000ULR വിമാനങ്ങളാണ് ക്വാന്റാസ് ഓർഡർ ചെയ്തിട്ടുള്ളത്. 238 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനങ്ങൾ ഉപയോഗിച്ചുള്ള ക്രമീകൃത സർവീസുകൾ 2027 ഒക്ടോബറോടെ ആരംഭിക്കുമെന്നാണ് കരുതുന്നത്. നിലവിൽ സിംഗപ്പൂർ എയർലൈൻസിന്റെ സിംഗപ്പൂർ - ന്യൂയോർക്ക് സർവീസാണ് (18 മണിക്കൂർ) ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാണിജ്യ സർവീസ്.


