
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 800 കടന്നു. 2500 ലധികം പേരെ ഇപ്പോഴും കാണാനില്ല. ഇവർക്കായി തിരച്ചിൽ തുടരുന്നു. തങ്ങളുടെ 85 പൗരൻമാരെ കണ്ടെത്താനുണ്ടെന്ന് അമേരിക്ക അറിയിച്ചു. 9 പേരെയാണ് ഇതുവരെ രക്ഷിച്ചതെന്നും യുഎസ് വ്യക്തമാക്കി. തമിഴ്നാട്ടിൽ നിന്ന് പോയ 49 പേരെ ടിബറ്റ് ഭാഗത്ത് കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കാണാതായ മലയാളികളെ കുറിച്ചും പുതിയ സൂചനയൊന്നുമില്ല. പൊന്നാനി സ്വദേശികളായ നാലു പേർക്കായി ടിബറ്റിനോട് ചേർന്ന് കിടക്കുന്ന ചില മേഖലകളിൽ തിരച്ചിൽ നടക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. രക്ഷപ്പെടുത്തിയവരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് 32 പേർക്ക് പരിക്കേറ്റുവെന്ന് നേപ്പാൾ പൊലീസ് അറിയിച്ചു.
ഇന്ത്യൻ കരസേനയുടെ വിദഗ്ധ സംഘം ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ തിരച്ചിൽ തുടരുകയാണ്. നൂറിലധികം തൊഴിലാളികൾ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കേന്ദ്രങ്ങൾ വഴി സ്ഥിതിഗതികൾ വിലയിരുത്തി. നേപ്പാളിൽ പ്രളയത്തിൽ കാണാതായ ഏഴ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായുള്ള തെരച്ചിലും ഊർജിതമായി നടക്കുന്നു. 275 ഇന്ത്യൻ പൗരന്മാരും 128 ഇന്ത്യൻ വംശജരും ഉൾപ്പെടെ നൂറുകണക്കിന് വിദേശികളെക്കുറിച്ചാണ് നിലവിൽ വിവരമില്ലാത്തതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൈലാസ് മാനസരോവർ തീർത്ഥാടകരും ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുമാണ് കാണാതായവരിലധികവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam