നേപ്പാളിൽ പ്രളയത്തില്‍ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുന്നു

ഡൽഹി: നേപ്പാളിൽ പ്രളയത്തില്‍ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുന്നു. തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഒന്നിച്ച് മറവ് ചെയ്യാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചു. ഡിഎൻഎ സാംപിളുകൾ ശേഖരിച്ച് വച്ച ശേഷം ആവും മൃതദ്ദേഹങ്ങൾ സംസ്കരിക്കുക. ചിത്വാനിൽ 70 മൃതദ്ദേഹങ്ങൾ സംസ്കരിച്ചു. മോർച്ചറികളിൽ സ്ഥലം ഇല്ലാത്ത സാഹചര്യത്തിലാണ് സർക്കാരിന്‍റെ തീരുമാനം. പ്രളയക്കെടുതിയിൽ ആകെ മരിച്ചവരുടെ എണ്ണം 780 കവിഞ്ഞു. 2,500-ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. 275 ഇന്ത്യൻ പൗരന്മാരും 128 ഇന്ത്യൻ വംശജരും ഉൾപ്പെടെ നൂറുകണക്കിന് വിദേശികളെക്കുറിച്ചാണ് നിലവിൽ വിവരമില്ലാത്തതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കൈലാസ് മാനസസരോവർ തീർത്ഥാടകരും ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുമാണ് കാണാതായവരിലധികവും. ദുരന്ത മേഖലയായ ലാങ്ടാങിൽ ഇന്ത്യൻ കരസേനയുടെ പ്രത്യേക തുരങ്ക വിദഗ്ധ സംഘം തെരച്ചിൽ നടത്തി വരികയാണ്. നൂറിലധികം തൊഴിലാളികൾ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കേന്ദ്രങ്ങൾ വഴി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.