മിന്നൽ പ്രളയത്തിൽ കണ്ണീരണിഞ്ഞ നേപ്പാളിന് ഇന്ത്യയുടെ സഹായഹസ്തം, ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ വിമാനം അർദ്ധരാത്രിയോടെ പുറപ്പെടും

Published : Aug 26, 2026, 08:35 PM IST
MODI NEPAL

Synopsis

മിന്നൽ പ്രളയത്തിൽ കനത്ത നാശം നേരിട്ട നേപ്പാളിന് ഇന്ത്യ അടിയന്തര സഹായം നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പിനെ തുടർന്ന്, ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ സി-130ജെ വിമാനം നേപ്പാളിലേക്ക് പുറപ്പെടും

ദില്ലി: കനത്ത നാശം വിതച്ച മിന്നൽ പ്രളയത്തിൽ വലയുന്ന നേപ്പാളിന് അടിയന്തര സഹായമേകാൻ ഇന്ത്യ. കേന്ദ്ര സർക്കാർ തീരുമാനമനുസരിച്ച് വ്യോമസേനയുടെ സി-130 ജെ (C-130J) ട്രാൻസ്പോർട്ട് വിമാനത്തിൽ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ സംഘം ഇന്ന് അർദ്ധരാത്രിയോടെ നേപ്പാളിലേക്ക് പുറപ്പെടും. അടിയന്തര സഹായ വസ്തുക്കളുമായി മറ്റൊരു വ്യോമസേനാ വിമാനം നാളെ പുലർച്ചെയോടെ നേപ്പാളിലേക്ക് പറക്കുമെന്നും വ്യോമസേനാ വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായുമായി ഫോണിൽ സംസാരിച്ചിരുന്നു. പ്രളയത്തിൽ ഇന്ത്യൻ ജനത നേപ്പാളിനൊപ്പം ഉണ്ടാകുമെന്ന് മോദി ഉറപ്പ് നൽകിയിരുന്നു. ദുരന്തത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിൽ കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയ മോദി, ഈ പ്രയാസകരമായ ഘട്ടത്തിൽ നേപ്പാളിനൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുമെന്നും ഉറപ്പുനൽകിയിരുന്നു. നേപ്പാളിന് ആവശ്യമായ എല്ലാവിധ മാനുഷിക സഹായങ്ങളും എത്തിച്ചുനൽകാൻ ഇന്ത്യ പൂർണ്ണ സന്നദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

മിന്നൽ പ്രളയത്തിന് കാരണം ഭൂചലനം

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിന് കാരണം ടിബറ്റൻ മേഖലയിലുണ്ടായ ഭൂചലനമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി. ടിബറ്റിൽ രേഖപ്പെടുത്തിയ 4.4 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് വൻ ഹിമപാതവും മണ്ണിടിച്ചിലും ഉണ്ടാകുകയും, ഇത് നദിയിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി പ്രളയത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. അതേസമയം ഇരച്ചെത്തിയ മിന്നൽപ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നേപ്പാൾ. മരണസംഖ്യ കുതിച്ചുയരുന്നതായാണ് റിപ്പോ‍ർട്ട്. 95 ജീവൻ നഷ്ടമായെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. സൈന്യത്തിന്റെയടക്കം നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം തുടരുകയാണ്. ടിബറ്റൻ അതിർത്തിക്ക് അടുത്തുള്ള ഭോട്ടെ കോശി നദിയിലൂടെ ഇരച്ചെത്തിയ മലവെള്ളം പാലങ്ങളും കെട്ടിടങ്ങളും തകർത്താണ് മുന്നോട്ടൊഴുകിയത്. റോഡുകളും ഗതാഗതമാർഗങ്ങളും പൂർണമായി തകർന്നതാണ് ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്. 36 അംഗ മലയാളി വിനോദസഞ്ചാരികളുടെ സംഘം സുരക്ഷിതരാണെന്നാണ് ആശ്വാസവിവരം. അതേസമയം നേപ്പാൾ പ്രളയത്തിന്‍റെ സാഹചര്യത്തിൽ ഉത്തർപ്രദേശിലും ബീഹാറിലും സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങളനുസരിച്ച്, ആകെ കാണാതായ 384 വിനോദസഞ്ചാരികളിൽ 105 പേർ ഇന്ത്യക്കാരാണ്. ഇവരെ ബന്ധപ്പെടാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ബോർഡ് അറിയിച്ചു. ഇതോടൊപ്പം 37 വിദേശ ഇന്ത്യക്കാരായ വിനോദ സഞ്ചാരികളുടെ മേഖലയിൽ ഉണ്ടായിരുന്നു എന്ന കണക്കാണ് നേപ്പാർ സർക്കാർ നൽകിയിരിക്കുന്നത്. 36 പേരടങ്ങുന്ന മലയാളി സംഘവും മിന്നൽപ്രളയം നടന്നതിനടുത്ത് വഴിയിൽ കുടുങ്ങിയെങ്കിലും സുരക്ഷിതരാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഭൂചലനം, മരണ സംഖ്യ കുതിച്ചുയരുന്നു, 95 ആയി; 400 ഓളം പേരെ കാണാനില്ല, രക്ഷാപ്രവർത്തനം തുടരുന്നു, മലയാളികൾ സുരക്ഷിതർ
കുത്തിയൊലിച്ച് വെള്ളം, നിറഞ്ഞുപൊങ്ങി ഭോട്ടെ കോശി നദി; നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണമെന്ത്?