ലോകത്തിലെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു.

വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അവകാശവാദം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഗതാഗത പാത പൂർണ്ണമായും സുരക്ഷിതമായെന്നും യു.എസ് സേനാ വ്യൂഹം അവകാശപ്പെട്ടു.

ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയ്ക്കിടെയാണ് പ്രതിരോധത്തിന്റെ ഭാഗമായി ഇറാൻ ഹോർമൂസ് അടച്ചത്. കടലിൽ മൈനുകൾ സ്ഥാപിക്കുക കൂടി ചെയ്തതോടെ ജലഗതാഗതം തടസപ്പെടുകയും പ്രധാനമായും എണ്ണ വ്യാപാരം പ്രതിസന്ധിയിലാകുകയും ചെയ്തു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുതിച്ചുയർന്നു. ഇന്ധന നീക്കം തടസ്സപ്പെടാതിരിക്കാൻ സൈന്യം നടത്തിയ ഇടപെടലുകൾ വഴി 75 കോടി ബാരൽ ക്രൂഡ് ഓയിൽ ഹോർമുസിന് പുറത്തെത്തിക്കാൻ സാധിച്ചതായി യു എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. ഇതുവരെ ഏകദേശം 1500 ഓളം ചരക്കു കപ്പലുകൾ ഹോർമുസ് വഴി സുരക്ഷിതമായി കടന്നുപോയിട്ടുണ്ട്.

ഹോർമുസ് ജലപാത പൂർണ്ണമായും തുറന്നിരിക്കുകയാണെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് തടസ്സമില്ലെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് സെൻട്രൽ കമാൻഡിന്റെ പുതിയ വെളിപ്പെടുത്തൽ. തന്ത്ര പ്രധാന മേഖലയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയെന്നും എണ്ണ വിപണിയിലെ ആശങ്കകൾ പരിഹരിക്കാൻ ഈ നടപടി സഹായിക്കുമെന്നും യു.എസ് സേന കൂട്ടിച്ചേർത്തു.