
ദില്ലി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും അയക്കാമെന്ന ഇന്ത്യയുടെ നിർദ്ദേശം ഇതുവരെ സ്വീകരിക്കാതെ നേപ്പാൾ. എന്തിനും ഇന്ത്യ തയ്യാറായി നിൽക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേപ്പാൾ വിദേശകാര്യമന്ത്രി ശിസിർ ഖനാലിനെ അറിയിച്ചു. തുരങ്കത്തിൽ തിരച്ചിൽ നടത്താനുള്ള വിദഗ്ധ സംഘത്തിന്റെ സഹായം മാത്രമാണ് നേപ്പാൾ ഇതുവരെ തേടിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേപ്പാളിൽ 320 ഇന്ത്യക്കാരെയും 100 ഇന്ത്യൻ വംശജരെയും ഇനിയും കണ്ടെത്താനുണ്ടെന്നിരിക്കെയാണ് കരസേനയെയും വ്യോമസേനയെയും എൻ ഡി ആർ എഫ് സംഘങ്ങളെയും അയക്കാനുള്ള ഇന്ത്യയുടെ നീക്കം.
ബെയ്ലി പാലം അടക്കം സ്ഥാപിക്കാൻ കരസേന തയ്യാറാണെന്ന് നേപ്പാളിനെ ഇന്ത്യ അറിയിച്ചിരുന്നു. തിരച്ചിലിനുള്ള ഉപകരണങ്ങളുമായി എൻ ഡി ആർ എഫ് സംഘത്തെയും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ എത്ര വേണമെങ്കിലും നൽകാമെന്നും ഇന്ത്യ വ്യക്തമാക്കി. എന്നാൽ ഇതുവരെ സേനയുടെ സഹായം സ്വീകരിക്കാൻ നേപ്പാൾ തയ്യാറായിട്ടില്ല. ഇന്ന് നേപ്പാളിൽ നിന്ന് രക്ഷപ്പെട്ടെത്തിയ 21 ഇന്ത്യക്കാരെ കണ്ടശേഷം വിമാനത്താവളത്തിൽ വെച്ചുതന്നെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേപ്പാൾ വിദേശകാര്യമന്ത്രി ശിശിർ ഖനാലിനെ ടെലിഫോണിൽ വിളിച്ചു. തിരച്ചിലിൽ ഇന്ത്യ സഹകരിക്കാം എന്ന വാഗ്ദാനം ജയശങ്കർ ആവർത്തിച്ചു. നേപ്പാളിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു എന്നാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളും വ്യക്തമാക്കിയത്. തുരങ്കത്തിൽ തിരച്ചിൽ നടത്താൻ വൈദഗ്ധ്യം നേടിയ ഒരു സംഘത്തെ നേപ്പാളിന്റെ ആവശ്യപ്രകാരം ഇന്ത്യ അയച്ചിട്ടുണ്ട്. ആദ്യ സംഘം എത്തി എന്തൊക്കെ ഉപകരണങ്ങൾ വേണം എന്നതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തി. ദുരിതാശ്വാസ സാമഗ്രികളുമായി ഒരു വ്യോമസേന വിമാനം കൂടി കാഠ്മണ്ഡുവിൽ എത്തുമെന്ന് ഇന്ത്യ വ്യക്തമാക്കി. 2015 ലെ ഭൂകമ്പ സമയത്ത് മറ്റു രാജ്യങ്ങളുടെ സേനകൾ നടത്തിയ തിരച്ചിൽ പ്രാദേശിക എതിർപ്പിന് ഇടയാക്കിയിരുന്നു. ഇതുകൊണ്ടാണ് വിദേശ സേനകൾക്ക് തൽക്കാലം നേപ്പാൾ അനുവാദം നൽകാത്തത് എന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam