
വാഷിങ്ടൺ: ദോഹയിൽ നടത്തിയ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഖത്തറിനോട് മാപ്പു പറഞ്ഞിരുന്നു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയെ ഫോണില്‍ വിളിച്ചാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാപ്പ് പറഞ്ഞത്. ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിൽ ഖേദിക്കുന്നുവെന്നായിരുന്നു പ്രതികരണം. വൈറ്റ്ഹൗസില്‍ നിന്നാണ് നെതന്യാഹു ഫോണ്‍ ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ട്രംപും നെതന്യാഹുവും വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. വൈറ്റ് ഹൗസ് ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കൻ പ്രസിഡന്‍റ് ഡോൺൾഡ് ട്രംപും നെതന്യാഹുവും ഓവൽ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ട്രംപും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. ട്രംപിന്റെ മടിയിൽ ടെലിഫോൺ ഇരിക്കുന്നുണ്ട്. എന്നാൽ റിസീവർ നെതന്യാഹുവിന്റെ കൈയിലാണ്. ചെവിയിൽ ഫോൺ വെച്ച ശേഷം കൈയിലുള്ള കുറിപ്പിലുള്ളത് വായിക്കുന്ന നെതന്യാഹുവിനെയും ചിത്രത്തിൽ കാണാം. ഇത് ഖത്തറിനോടുള്ള ക്ഷമാപണമാണെന്നും എല്ലാം തിരക്കഥ ആണോ എന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
ഖത്തറിനോട് മാപ്പ് പറയാൻ നെതന്യാഹുവിനെ ട്രംപ് നിർബന്ധിക്കുകയായിരുന്നുവെന്നും, അതിനാലാണ് നെതന്യാഹു ഖത്തറിനോട് മാപ്പ് പറഞ്ഞതെന്നുമാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ. ദോഹയിൽ നടത്തിയ ആക്രമണത്തിൽ നെതന്യാഹുവിനെതിരേ ട്രംപ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ താനിയെ ഫോണിൽ വിളിച്ച് ഖത്തറിന്റെ പരമാധികാരത്തിനുമേൽ നടത്തിയ കടന്നുകയറ്റത്തിന് നെതന്യാഹു മാപ്പുപറഞ്ഞത്.
ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിൽ മാപ്പ് ചോദിച്ച നെതന്യാഹു, ഖത്തറി പൊലീസുകാരന്റെ മരണത്തിലും ഖേദം പ്രകടിപ്പിച്ചു. ഖത്തർ ആഭ്യന്തര സുരക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേൽ ആക്രമണം നടത്തിയത്. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനം. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam