
ജക്കാർത്ത: അനുമതിയില്ലാതെ നിർമ്മിച്ച പ്രാർത്ഥനാ മുറി തകർന്ന് ഇന്തോനേഷ്യയിൽ കാണാതായ വിദ്യാർത്ഥികൾക്കായി തെരച്ചിൽ ഊർജ്ജിതം. ഇസ്ലാമിക് ബോർഡിംഗ് സ്കൂളിലെ പ്രാർത്ഥനാ മുറി തകർന്നതോടെ 91 പേരെ കാണാതായതാണ് അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞുള്ള പ്രാർത്ഥന പുരോഗമിക്കുന്നതിനിടയിലാണ് കെട്ടിടം തകർന്നുവീണത്. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ആറ് വിദ്യാർത്ഥികളെ ജീവനോടെ കണ്ടെത്താനായെങ്കിലും ഇവരെ പുറത്തേക്ക് എത്തിക്കാനായിട്ടില്ല. 65 ഓളം വിദ്യാർത്ഥികൾ കെട്ടിടാവശിഷ്ടങ്ങളിൽ മൂടിപ്പോയതായി സംശയിക്കപ്പെടുന്നുണ്ട്. മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചതായും നൂറ് പേർക്ക് അപകടത്തിൽ പരിക്കേറ്റതായും ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ചൊവ്വാഴ്ച വിശദമാക്കി. കുടുങ്ങി കിടക്കുന്നവരെ ജീവനോടെ പുറത്ത് എത്തിക്കാനുള്ള സമയം വളരെ കുറവാണെന്നാണ് രക്ഷാപ്രവർത്തനം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ അധികൃതർ വിശദമാക്കുന്നത്. കിഴക്കൻ ജാവയിലാണ് അപകടം നടന്നത്.
വിദ്യാർത്ഥികൾ കൃത്യമായി കുടുങ്ങിക്കിടക്കുന്ന സ്ഥലം തിരിച്ചറിയാനായാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാനാവുമെന്ന പ്രതീക്ഷയാണ് അഗ്നിരക്ഷാ മേധാവി പങ്കുവച്ചത്. ബുധനാഴ്ച കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ആറ് കുട്ടികൾ രക്ഷാപ്രവർത്തകരോട് സംസാരിച്ചിരുന്നു. ഇവരെ പുറത്തെത്തിക്കാൻ ടണലിന് സമാനമായ വഴിയുണ്ടാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകളുണ്ടെന്ന വിലയിരുത്തപ്പെടുന്ന 15 സ്ഥലങ്ങളാണ് രക്ഷാപ്രവർത്തനം കേന്ദ്രീകരിച്ചിട്ടുള്ളത്. 12നും 18നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളും അധ്യാപകരും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് പ്രാർത്ഥിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. തകർന്ന് വീണ വലിയ കോൺക്രീറ്റ് പാളികൾ വീണ്ടും തകരാതിരിക്കാൻ സൂക്ഷ്മമായാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ചൊവ്വാഴ്ച ജാവാ ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്ക് സ്ഥാനമാറ്റമുണ്ടായെന്നും സംശയിക്കപ്പെടുന്നുണ്ട്. നാല് നിലയുള്ള അനധികൃത നിർമിതിയാണ് തകർന്നത്. അപകടം നടക്കുന്ന സമയത്ത് ഇതിന്റെ നാലാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam