നെതന്യാഹു സർക്കാർ നിലംപതിക്കുമോ? ബെൻ ഗ്വിറിന്‍റെ നേതൃത്വത്തിൽ തീവ്ര വലതുപക്ഷ പടയൊരുക്കം, കാരണം ട്രംപിന്‍റെ സമാധാന പദ്ധതി

Published : Oct 08, 2025, 12:01 AM IST
netanyahu speech

Synopsis

ഇസ്രയേൽ പാർലമെന്‍റിൽ ഭൂരിപക്ഷമില്ലാത്ത നെതന്യാഹു, സഖ്യകക്ഷികളുടെ പിന്തുണയിലാണ് ഭരണം തുടരുന്നത്. 120 സീറ്റുകളിൽ 14 അംഗങ്ങളുടെ സ്‌മോട്രിച്ചിന്റെയും 13 എം പിമാരുള്ള ബെൻ ഗ്വിറിന്റെയും പാർട്ടികൾ പിന്തുണ പിൻവലിച്ചാൽ നെതന്യാഹു സർക്കാരിന്‍റെ പതനം ഉറപ്പാണ്

ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച് ഗാസ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട് ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് തീവ്ര വലതുപക്ഷത്തിന്‍റെ കടുത്ത വെല്ലുവിളി. ട്രംപിന്‍റെ പദ്ധതിക്ക് മുന്നിൽ സമ്മതം മൂളി ഹമാസിന് മുന്നിൽ നെതന്യാഹു കീഴടങ്ങുന്നുവെന്ന വികാരമാണ് ഇസ്രയേൽ സർക്കാരിലെ തീവ്ര വലതുപക്ഷത്തിന്‍റെ അഭിപ്രായം. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതിയോട് യോജിക്കുന്ന നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർട്ടികൾ പരസ്യ വിമർശനവുമായി രംഗത്തെത്തി. ആദ്യം മുതലെ കടുത്ത നിലപാട് സ്വീകരിക്കുന്ന ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് നെതന്യാഹുവിനെതിരെ പടയൊരുക്കം. 'ഇസ്രയേലിന് വലിയ വിപത്ത് വരുത്തിവെച്ച തീവ്രവാദ സംഘടനയായ ഹമാസിനെ ഉന്മൂലനം ചെയ്യണം, അല്ലാതെ അവരെ പുനരുജ്ജീവിപ്പിക്കുന്ന ഒരു സമാധാന കരാറും ഞങ്ങൾ അംഗീകരിക്കില്ല' - എന്നാണ് ബെൻ ഗ്വിർ പരസ്യമായി നിലപാട് പ്രഖ്യാപിച്ചത്. അങ്ങനെ സംഭവിച്ചാൽ കൂട്ടുകക്ഷി സർക്കാരിൽ തുടരണമോയെന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് പറഞ്ഞ ബെൻ ഗ്വി‌ർ, സർക്കാരിൽ നിന്ന് പിന്മാറുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുമെന്ന ഭീഷണിയും ഉയർത്തിയിട്ടുണ്ട്.

ബെൻഗ്വിറിനൊപ്പം സ്‌മോട്രിച്ചും

ബെൻഗ്വിറിനൊപ്പം തന്നെ ഇസ്രയേൽ ധനമന്ത്രിയും മറ്റൊരു തീവ്ര വലതുപക്ഷ പാർട്ടിയുടെ നേതാവുമായ ബെസാലേൽ സ്‌മോട്രിച്ചും ട്രംപിന്‍റെ ഗാസ സമാധാന പദ്ധതിക്കെതിരെ പരസ്യമായി രംഗത്തുണ്ട്. ഗാസയിലെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് സ്‌മോട്രിച്ചിന്‍റെ മുന്നറിയിപ്പ്. ഇത് ഹമാസിന് ഊർജ്ജം നൽകുകയാകും ചെയ്യുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ബന്ദികളെ മോചിപ്പിക്കുകയും ഹമാസിനെ ഉന്മൂലനം ചെയ്യുകയുമാണ് വേണ്ടതെന്നും സ്‌മോട്രിച്ച് വിവരിച്ചു. ഗാസ ശാന്താമാകാനായി ഹമാസിന്‍റെ സൈനിക നിരായുധീകരണം ഉറപ്പാക്കുകയാണ് വേണ്ടതെന്നും അതിനായാണ് ഇസ്രയേൽ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറിച്ചുള്ള തീരുമാനങ്ങളുണ്ടായാൽ അത് ഇസ്രയേലിന്‍റെ മേൽക്കൈ ഇല്ലാതാക്കുമെന്നും ഹമാസിന് ഗുണം ചെയ്യുമെന്നും സ്‌മോട്രിച്ച് വിവരിച്ചു.

നിലംപതിക്കുമോ നെതന്യാഹു സർക്കാർ?

ബെൻഗ്വിറിന്‍റെയും സ്‌മോട്രിച്ചിന്‍റെയും പാർട്ടികൾ കടുത്ത നിലപാടിലേക്ക് പോയാൽ ഗാസയിലെ ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പാളുമോയെന്ന ആശങ്കയാണ് ഇപ്പോൾ സജീവമാകുന്നത്. ഇതിനൊപ്പം തന്നെ നെതന്യാഹു സർക്കാരിന്‍റെ പതനത്തിലേക്ക് കാര്യങ്ങൾ എത്തുമോയെന്നും പറയാനാകില്ല. ഇസ്രയേൽ പാർലമെന്‍റിൽ ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത നെതന്യാഹു, സഖ്യകക്ഷികളുടെ പിന്തുണയിലാണ് ഭരണം തുടരുന്നത്. 120 സീറ്റുകളിൽ 14 അംഗങ്ങളുടെ സ്‌മോട്രിച്ചിന്റെയും 13 എം പിമാരുള്ള ബെൻ ഗ്വിറിന്റെയും പാർട്ടികൾ പിന്തുണ പിൻവലിച്ചാൽ നെതന്യാഹു സർക്കാരിന്‍റെ പതനം ഉറപ്പാണ്. 2026 ഒക്ടോബർ വരെ കലാവധിയുള്ള നെതന്യാഹു സർക്കാരിനെ സംബന്ധിച്ചടുത്തോളം ഇത് വലിയ വെല്ലുവിളിയാണ്. ഇതിനിടെ നിലവിലെ പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ യായർ ലാപിഡ്, ട്രംപിന്‍റെ സമാധാന കരാറിന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുള്ളത് നെതന്യാഹുവിന് ആശ്വാസമാണ്. ട്രംപിന്‍റെ ഗാസ സമാധാന പദ്ധതിയുമായി മുന്നോട്ട് പോകാനായി നെതന്യാഹു സർക്കാരിനെ താൽക്കാലികമായി പിന്തുണയ്ക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷേ അധികം വൈകാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം എന്ന നിബന്ധന കൂടി ലാപിഡ് മുന്നോട്ട് വച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്തായാലും ഈജിപ്തിൽ ട്രംപിന്‍റെ സമാധാന നിർദ്ദേശങ്ങളിൽ ചർച്ച തുടരുമ്പോൾ ഇസ്രയേലിൽ എന്ത് സംഭവിക്കും എന്നതും കണ്ടറിയേണ്ടിവരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബോർഡ് ഓഫ് പീസിൽ ചേരാൻ വിസമ്മതിച്ച ഫ്രാൻസിനും മക്രോണിനുമെതിരെ ട്രംപ്, കടുത്ത ഭീഷണി, 200 ശതമാനം തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്
'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു