
ബെർലിൻ: ഒരു പഴത്തിന്‍റെ രൂക്ഷ ഗന്ധം കാരണം ജർമൻ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞ ദിവസം തിരക്കോട് തിരക്കായിരുന്നു. ജർമൻ നഗരമായ വീസ്‌ബാഡനിൽ, ഗ്യാസ് ചോർച്ചയുണ്ടെന്ന സംശയത്തെ തുടർന്ന് ഒരു ദിവസം നാല് തവണയാണ് ഫയർ ഫോഴ്സിനെ ജനങ്ങൾ വിളിച്ചത്. എല്ലാത്തിനും കാരണം ഒരു പഴമായിരുന്നു.
പടിഞ്ഞാറൻ ജർമനിയിലെ നഗരമായ വീസ്‌ബാഡനിലെ ഷോപ്പിംഗ് സെന്‍ററിൽ എത്തിയവരാണ് ഗ്യാസ് ചോർച്ചയുണ്ടായെന്ന് സംശയിച്ച് പരിഭ്രാന്തരായത്. അഗ്നിശമന സേന അരിച്ചുപെറുക്കിയിട്ടും കെട്ടിടത്തിൽ ഗ്യാസ് ചോർച്ച കണ്ടെത്താനായില്ല. ആ കെട്ടിടത്തിൽ ഗ്യാസ് കണക്ഷൻ ഇല്ലെന്ന് ഉടമകളും പറഞ്ഞു. എന്നിട്ടും ഒരു ദിവസം പല തവണ അഗ്നിശമന സേനയ്ക്ക് കോൾ വന്നു.
തുടർന്ന് അടുത്തുള്ള കടകളിൽ നടത്തിയ തെരച്ചിലിനൊടുവിൽ ഒരു പഴമാണ് മണത്തിന്‍റെ ഉറവിടമെന്ന് കണ്ടെത്തി. ഒരു ഏഷ്യൻ സൂപ്പർമാർക്കറ്റിൽ നിന്നാണ് ഫയർ ബ്രിഗേഡ് ഈ പഴം കണ്ടെത്തിയത്. ഷോപ്പിംഗ് സെന്‍ററിന്‍റെ വെന്‍റിലേഷൻ സിസ്റ്റം വഴി മണം കെട്ടിടം മുഴുവൻ വ്യാപിച്ചതാകാം ആളുകൾ പരിഭ്രാന്തരാകാൻ ഇടയാക്കിയതെന്ന് ഫയർ ഫോഴ്സ് പറഞ്ഞു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പൊതുവെ കാണപ്പെടുന്ന ഡുറിയാൻ എന്ന പഴത്തിന്‍റെ മണമാണ് ഗ്യാസ് ചോർച്ചയുടെ മണമായി ജനങ്ങൾ തെറ്റിദ്ധരിച്ചത്. അതേ ദിവസം ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നിന്നും ഗ്യാസിന്‍റെ മണമെന്ന് കോൾ വന്നു. അയൽക്കാരൻ വാങ്ങിയ ഡുറിയാൻ പഴമാണ് വില്ലനെന്ന് അവിടെയും കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam