
ടെൽ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തിൽ ഓൺലൈനിൽ പ്രചരിക്കുന്ന അവകാശവാദങ്ങളെ വീണ്ടും തള്ളി ഇസ്രായേൽ. നെതന്യാഹു ഫോണിൽ സംസാരിക്കുന്നതിന്റെ പുതിയ ചിത്രം പുറത്തുവിട്ടു. ഇറാന്റെ മുതിർന്ന നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് നെതന്യാഹു നേരിട്ട് ഉത്തരവ് നൽകുന്ന ചിത്രമാണിതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
‘ഇറാനിയൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിടുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലാണ് ഈ ചിത്രം പങ്കുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചിരിക്കുന്ന സാഹചര്യത്തിൽ ഒരു കമാൻഡ് സെന്ററിൽ ഇരുന്നാണ് അദ്ദേഹം നിർദ്ദേശങ്ങൾ നൽകുന്നതെന്നാണ് സൂചന.
ഇറാൻ നടത്തിയ ആക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, ഇസ്രായേൽ അധികൃതരും സ്വതന്ത്ര ഫാക്ട് ചെക്കർമാരും ഈ വാർത്തകൾ നേരത്തെ തന്നെ തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി ആരോഗ്യവാനാണെന്നും ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലാണെന്നും ഇസ്രായേൽ ആവർത്തിച്ചു.
ഇറാനിലെ സൈനിക-തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തുന്ന മിസൈൽ-വ്യോമാക്രമണങ്ങൾക്കിടയിലാണ് തീരുമാനങ്ങൾ നെതന്യാഹു നേരിട്ട് വിലയിരുത്തുന്നു എന്ന രീതിയിലുള്ള ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഇരുപക്ഷവും തമ്മിലുള്ള പോരാട്ടം ഇപ്പോഴും അയവില്ലാതെ തുടരുകയാണ്. ഇറാൻ നേതാവ് അലി ലാറിജാനി ഉൾപ്പെടെയുള്ള പ്രമുഖർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് മറുപടിയായി ഇറാൻ മേഖലയിലുടനീളം ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam