
ടെൽ അവീവ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി പ്രകാരം വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ചർച്ച ചെയ്തുകൊണ്ടിരുന്ന, സുരക്ഷാ മന്ത്രിസഭാ യോഗം നിർത്തിവച്ചുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോൺ അറ്റൻഡ് ചെയ്തതായി റിപ്പോർട്ട്. നെതന്യാഹുവിന്റെ ഓഫീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി പ്രകാരം കൈവരിച്ച പുരോഗതിക്ക് പ്രധാനമന്ത്രി മോദി ഇസ്രായേൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള കരാറിലെത്തിയതിൽ പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി നെതന്യാഹുവിനെ അഭിനന്ദിച്ചുവെന്ന് നെതന്യാഹുവിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
അഭിനന്ദനം അറിയിക്കാൻ എന്റെ സുഹൃത്ത് പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ചുവെന്ന് മോദി എക്സിൽ പോസ്റ്റ് ചെയ്തു. ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട മാനുഷിക സഹായം നൽകുന്നതിനുമുള്ള കരാറിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ലോകത്തിലെവിടെയും തീവ്രവാദം സ്വീകാര്യമല്ലെന്ന് വീണ്ടും ഉറപ്പിച്ചുവെന്നും മോദി കുറിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രിയുമായി സംസാരിച്ചു. എല്ലാ ബന്ദികളുടെ മോചനത്തിനുള്ള കരാറിൽ നരേന്ദ്ര മോദി പ്രധാനമന്ത്രി നെതന്യാഹുവിനെ അഭിനന്ദനങ്ങൾ അറിയിച്ചുവെന്നും നെതന്യാഹുവിന്റെ ഓഫിസും എക്സിൽ കുറിച്ചു. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 പോയിന്റ് ഗാസ സമാധാന പദ്ധതി പ്രകാരം വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാറിന് ഇസ്രായേൽ സർക്കാർ അനുകൂലമായി വോട്ട് ചെയ്തതായി സിഎൻഎൻ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. തീരുമാനം ചർച്ച ചെയ്യാൻ നെതന്യാഹു ആദ്യം ഇസ്രായേലിന്റെ സുരക്ഷാ മന്ത്രിസഭ വിളിച്ചുകൂട്ടുകയും തുടർന്ന് മന്ത്രിമാരുമായി ഒരു യോഗം നടത്തുകയും ചെയ്തു.
വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ ചർച്ച ചെയ്യാനായി നടന്ന യോഗത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റിലേക്കുള്ള പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്‌നറും പങ്കെടുത്തു. ഇതോടെ, ഇസ്രായേൽ സർക്കാർ വെടിനിർത്തൽ കരാറിന്റെ ഒന്നാം ഘട്ടത്തിന് അംഗീകാരം നൽകി. ബന്ദികളെ കൈമാറുകയും ഗാസയുടെ ചില ഭാഗങ്ങളിൽ നിന്ന് ഇസ്രായേൽ പിൻവാങ്ങുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam