
ലോകത്തെങ്ങും കൊവിഡ് (Covid) വ്യാപിച്ചതോടെ കൂടെ കൂടിയ മാസ്ക് (Mask) പലപ്പോഴും അസൌകര്യമാകാറുണ്ട്, എന്നാൽ ആരോഗ്യം കണക്കിലെടുത്ത് ഒഴിവാക്കാനുമാകില്ല. ഇത്തരമൊരു സമയത്ത്, നമ്മൾ തന്നെ പലതരത്തിലുള്ള വറൈറ്റി മാസ്കുകളെ കുറിച്ച് ആലോചിക്കാറില്ലേ! ഇപ്പോഴിതാ ദക്ഷിണ കൊറിയ (South Korea) അത്തരമൊന്ന് പുറത്തിറക്കിയിരിക്കുന്നു.
വായും മൂക്കും മൂടുന്ന മാസ്കിന് പകരം ഇവിടെ ഇപ്പോൾ ട്രെന്റിംഗ് ആകുന്നത് മൂക്ക് മാത്രം മറയ്ക്കുന്ന കോസ്ക് ആണ്. കൊറിയയിൽ മൂക്കിന് കോ എന്നാണ് പറയുന്നത്. അതിൽ നിന്നാണ് കോസ്ക് എന്ന പേര് ഈ ടൈപ്പ് മാസ്കുകൾക്ക് നൽകിയിരിക്കുന്നത്. ആത്മൻ ആന്റ് സെൽസ് എന്ന കമ്പനിയാണ് മാസ്ക് പുറത്തിറക്കിയിരിക്കുന്നത്. 10 എണ്ണമടങ്ങുന്ന പാക്കറ്റുകളായണ് ഇത് വിപണിയിൽ ലഭ്യമാകുന്നത്. രണ്ട് ഭാഗങ്ങളാണ് ഒരു മാസ്കിനുള്ളത്. ഇതിലെ വായുടെ ഭാഗം ആവശ്യാനുസരണം മാറ്റി മൂക്കിന്റെ ഭാഗം മാത്രമായി ഉപയോഗിക്കാം.
മൂക്ക് മാത്രം മറയ്ക്കുന്ന മൂന്ന് മാസ്കുകളടങ്ങിയ പാക്കറ്റും ലഭ്യമാണ്. ആഹാരം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് മുന്നിൽ വച്ച് പൂർണ്ണമായും മാസ്ക് അഴിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കി വായുടെ ഭാഗം ഒഴിവാക്കി മൂക്ക് മുഴുവൻ സമയവും മൂടിയിരിക്കുന്ന തരത്തിലാണ് ഈ മാസ്കുകൾ. എന്നാൽ ഇതിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ലോകത്തിലെ അടുത്തകാലത്തിറങ്ങിയ ഏറ്റവും വലിയ മണ്ടൻ കണ്ടുപിടുത്തമാണ് ഇതെന്നാണ് ചിലരുടെ വിമർശനം. വായ മറയ്ക്കാത്ത മാസ്ക് വയ്ക്കുന്നതും മാസ്ക് വയ്ക്കാത്തതും തമ്മിൽ എന്ത് വ്യത്യാസമെന്ന് ചോദിക്കുന്നവരുമുണ്ട്.
ദക്ഷിണ കൊറിയയിൽ നിലവിൽ 22907 പേർക്കാണ് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനകാലം മുതൽ ദക്ഷിണ കൊറിയയിൽ വൈറസ് മൂലമുള്ള മരണ നിരക്ക് വളരെ കുറവാണ്. യുകെയിലും യുഎസിലും പത്ത് ലക്ഷത്തിൽ 2000 ന് മുകളിൽ പേർ എന്ന തോതിൽ മരണപ്പെട്ട സാഹചര്യത്തിലും പത്ത് ലക്ഷത്തിൽ 133 പേർ എന്ന തോതിലാണ് ദക്ഷിണ കൊറിയയിലെ മരണ നിരക്ക്.