
ജറുസലേം: അഴിമതിക്കേസിൽ നിന്ന് രക്ഷനേടാൻ പുതിയ നീക്കവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിചാരണ ഒഴിവാക്കണമെന്ന് പാർലമെന്‍റിനോട് ആവശ്യപ്പെടാനാണ് തീരുമാനം. അടുത്ത മാർച്ചിൽ തെരഞ്ഞെടുപ്പ് വരാനിരിക്കേയാണ് പ്രധാനമന്ത്രിയുടെ പുതിയ നീക്കം.
തെറ്റ് ചെയ്തിട്ടില്ലെന്നും പിന്തുണയ്ക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. നീക്കം വിജയിക്കാൻ പാർലമെന്‍റിൽ പകുതിയിലധികം അംഗങ്ങളുടെ പിന്തുണ വേണം. അഴിമതി, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്കാണ് നെതന്യാഹുവിനെതിരെ മൂന്ന് വ്യത്യസ്ത കേസുകളെടുത്തിരിക്കുന്നത്.
ഇസ്രയേൽ പാർലമെന്‍റായ നെസറ്റ് അഭ്യർത്ഥന അംഗീകരിച്ചാൽ കേസിലെ വിചാരണ നടപടികൾ വൈകും. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഇസ്രയേൽ നിയമനുസരിച്ച് നെതന്യാഹുവിന് സ്ഥാനം രാജിവയ്ക്കേണ്ടി വരും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ തിരിച്ചടി നേരിട്ട നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി സഖ്യകക്ഷികളുമായി ചേർന്നാണ് ഇപ്പോൾ ഭരിക്കുന്നത്.
ധനികരില്‍നിന്ന് സമ്മാനമായി പെയിന്‍റിംഗ് സ്വീകരിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്തി, ധനികരില്‍നിന്ന് പത്ത് ലക്ഷം ഷെക്കല്‍സ്(254000 ഡോളര്‍) വില വരുന്ന സിഗരറ്റ്, ഷാംപെയ്ന്‍, ആഭരണങ്ങള്‍ എന്നിവ കൈപ്പറ്റിയെന്നാണ് മറ്റ് പ്രധാന കേസുകള്‍. നികുതി വെട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ ഹോളിവുഡ് നിര്‍മാതാവില്‍നിന്നുള്‍പ്പെടെയാണ് സമ്മാനങ്ങള്‍ കൈപ്പറ്റിയത്. തെരഞ്ഞെടുപ്പ് വിജയത്തിനായി മാധ്യമ സ്ഥാപനത്തെ സ്വാധീനിച്ചതിനും കേസെടുത്തിട്ടുണ്ട്.
അധികാരത്തിലിരിക്കെ വിചാരണ നേരിടേണ്ടി വരുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് നെതന്യാഹു. അതേസമയം, കേസുകളെ തുടര്‍ന്ന് നെതന്യാഹു രാജിവെക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. തന്നെ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ഇടതുകക്ഷികളുടെ നീക്കമാണ് കേസിന് പിന്നിലെന്നാണ് അദ്ദേഹത്തിന്‍റെയും അനുയായികളുടെയും വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam