
ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളർ പിഴ ശിക്ഷ വിധിച്ച് ന്യൂയോർക്ക് കോടതി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിനായി വകമാറ്റി ചിലവഴിച്ചു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ട്രംപിന് പിഴശിക്ഷ വിധിച്ചിരിക്കുന്നത്.
ഡോണൾഡ് ട്രംപിന്റേയും മക്കളായ ഇവാങ്ക, എറിക് എന്നിവരുടേയും മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ട്രംപ് ഫൗണ്ടേഷനെതിരെയാണ് ന്യൂയോർക്ക് കോടതി ജഡ്ജി സാലിയാൻ സ്ക്രാപ്പുല ശിക്ഷാ നടപടി സ്വീകരിച്ചത്. 2016ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനിടെ ട്രംപ് ഫൗണ്ടേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വക മാറ്റി എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം അടച്ചുപൂട്ടുന്നതിന് തൊട്ടുമുന്‍പ് വരെ ഫൗണ്ടേഷൻ ട്രംപിന്റെ ചെക്ക്ബുക്ക് എന്ന രീതിയിലാണ് പ്രവർത്തിച്ചിരുന്നതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ട്രംപ് ഫൗണ്ടേഷന് രാഷ്ട്രീയത്തിൽ ഇടപെടാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 20 ലക്ഷം ഡോളർ പിഴ അടയ്ക്കാൻ ജഡ്ജി ഉത്തരവിട്ടത്.
ഇവാങ്കയും എറികും ഫൗണ്ടേഷനിൽ പങ്കാളികളാണെങ്കിലും ട്രംപ് ഒറ്റയ്ക്ക് തന്നെ ഈ തുക അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. ട്രംപിന് പങ്കാളിത്തമില്ലാത്ത 8 ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് ഈ പണം കൈമാറാനാണ് നിർദേശം. മുതിർന്ന ഡെമോക്രാറ്റിക് നേതാവും രാഷ്ട്രീയ എതിരാളിയുമായി ജോ ബൈഡനെതിരെ അന്വേഷണത്തിന് സമ്മർദം ചെലുത്തിയെന്ന പേരിൽ ഇംപീച്ച്മെന്റ് നടപടി നേരിടുന്ന ട്രംപിന് കടുത്ത തിരിച്ചടി നൽകുന്നതാണ് ന്യൂയോർക്ക് കോടതിയുടെ നടപടി. അതേസമയം രാഷ്ട്രീയലക്ഷ്യം വച്ച് ഡെമാക്രാറ്റുകൾ സൃഷ്ടിച്ച കേസാണിതെന്നാണ് ട്രംപിന്റേയും അദ്ദേഹത്തിന്റെ അഭിഭാഷകരുടേയും വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam