ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോദി; ജാമ്യാപേക്ഷ യു കെ കോടതി തള്ളി

By Web TeamFirst Published Nov 7, 2019, 12:41 PM IST
Highlights

ജാമ്യം ലഭിച്ചാൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ നാല് തവണ നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 

ലണ്ടൻ: കോടികളുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ലണ്ടനിൽ അറസ്റ്റിലായ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ബ്രിട്ടനിലെ കോടതി വീണ്ടും തള്ളി. ബ്രിട്ടണിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് നീരവ് മോദിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയും തള്ളിയത്. ഇതോടെ, ഇന്ത്യയ്ക്ക് കൈമാറാൻ ഉത്തരവിട്ടാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് കോടതി മുറിയിൽ നീരവ് മോദി ഭീഷണി മുഴക്കി.

ജാമ്യത്തുകയായി 36 കോടി കെട്ടിവയ്ക്കാമെന്നും വീട്ടുതടങ്കലിൽ കഴിയാൻ തയാറാണെന്നും മോദിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും ജഡ്ജി നിരസിച്ചു. ഇതുകൂടാതെ, ജയിലിൽ വച്ച് താൻ രണ്ട് തവണ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് നീരവ് കോടതിയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിക്ക് രണ്ട് സഹതടവുകാർ നീരവിനെ പാർപ്പിച്ചിരിക്കുന്ന സെല്ലിൽ അതിക്രമിച്ച് കടന്ന് മർദ്ദിച്ചിരുന്നതായും നീരവിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

Read More:നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാം തവണയും യുകെ റോയൽ കോടതി തള്ളി

ജാമ്യം ലഭിച്ചാൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാല് തവണ നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 2020 മേയിൽ കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ജാമ്യം തേടി വീണ്ടും നീരവ് കോടതിയെ സമീപിച്ചത്. നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബ്രിട്ടന് അപേക്ഷ നല്‍കിയത്.

Read More:വായ്പാ തട്ടിപ്പ് പ്രതി നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ

കോടതി ഉത്തരവിടുകയാണെങ്കിൽ നീരവ് മോദിയെ ബ്രിട്ടൻ ഇന്ത്യയ്ക്ക് കൈമാറും. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുൽ ചോക്സിയും. കഴിഞ്ഞ വർഷം ജനുവരിയോടെയാണ് ഇരുവരും ഇന്ത്യ വിട്ട് ബ്രിട്ടനിലേക്ക് ചേക്കറിയത്. 

click me!