
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം. വെള്ളക്കെട്ട് രൂക്ഷമായതോടെ പലയിടത്തും സബ്‍വേ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ലാഗാര്‍ഡിയ വിമാനത്താവളത്തിലെ ഒരു ടെര്‍മിനല്‍ അടച്ചു. നഗരത്തില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഒറ്റരാത്രി പെയ്ത മഴയാണ് ന്യൂയോര്‍ക്കിനെ പ്രതിസന്ധിയിലാക്കിയത്. ഇരുന്നൂറോളം വിമാനങ്ങൾ വൈകിയാണ് സര്‍വീസ് നടത്തുന്നത്. കാറുകള്‍ പലതും പാതിവെള്ളത്തില്‍ മുങ്ങി. നഗരത്തിന്‍റെ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിപ്പിച്ചു. ജനങ്ങൾ പരമാവധി പുറത്തിറങ്ങരുതെന്ന് മേയർ എറിക് ആഡംസ് അഭ്യർത്ഥിച്ചു.
"നിങ്ങൾ വീട്ടിലാണെങ്കിൽ അവിടെത്തന്നെ തുടരുക. നിങ്ങൾ ജോലിയിലോ സ്‌കൂളിലോ ആണെങ്കിൽ നിലവില്‍ അവിടെ തുടരുക. ചില സബ്‌വേകളില്‍ വെള്ളം കയറിയിട്ടുണ്ട്. നഗരത്തില്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത് ബുദ്ധിമുട്ടാണ്" - മേയര്‍ പറഞ്ഞു.
ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ഹഡ്സൺ വാലി എന്നിവിടങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇനിയും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മാൻഹട്ടനിലെ ഗ്രാൻഡ് സെൻട്രൽ ടെർമിനലിൽ ട്രെയിനുകൾ റദ്ദാക്കി. ഇതോടെ യാത്രക്കാര്‍ വലഞ്ഞു. 420 സ്റ്റേഷനുകളും 30 ലധികം ലൈനുകളുമുള്ള ലോകത്തിലെ ഏറ്റവും വലിയ ട്രെയിൻ ശൃംഖലയാണ് ന്യൂയോർക്ക് സബ്‌വേ. സ്‌കൂളിലേക്കും ജോലിസ്ഥലങ്ങളിലേക്കും എത്തിച്ചേരാൻ ദശലക്ഷക്കണക്കിന് പേര്‍ സബ്‍വെകളെയാണ് ആശ്രയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam