കൊവിഡ് മുക്തമായി ന്യൂസിലാന്‍റ്, നിയന്ത്രണങ്ങള്‍ നീക്കി, സന്തോഷംകൊണ്ട് നൃത്തം ചെയ്തെന്ന് ജസീന്ത അര്‍ഡേണ്‍

By Web TeamFirst Published Jun 8, 2020, 1:07 PM IST
Highlights

''നിലവില്‍ വൈറസ് വ്യാപനം ഇല്ലാതാക്കാനായെന്നതില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. വൈറസിനെ തകര്‍ക്കാന്‍ അഭൂതപൂര്‍വ്വമായ ഒരുമയാണ് ഉണ്ടായത്. '' -ജസീന്ത ആന്‍ഡേണ്‍ പറഞ്ഞു. 

വെല്ലിംഗ്ടണ്‍: അവസാന കൊവിഡ് രോഗിയും രോഗമുക്തി നേടിയതോടെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ച് കൊവിഡ് മുക്തമായതായി പ്രഖ്യാപിച്ച് ന്യൂസിലാന്‍റ്. രാജ്യത്തിന്‍റെ നാഴികക്കല്ലായ പ്രഖ്യാപനം വന്നതോടെ തന്‍റെ ലിവിംഗ് റൂമില്‍ നിന്ന് നൃത്തം ചെയ്തുവെന്ന് പ്രധാനമന്ത്രി ജസീന്ത അര്‍ഡേണ്‍.  സാമൂഹിക അകലവും പൊതുഇടങ്ങളിലെ ഒത്തുകൂടലുകളിലെ നിയന്ത്രണങ്ങളും ഇനി ആവശ്യമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

''നിലവില്‍ വൈറസ് വ്യാപനം ഇല്ലാതാക്കാനായെന്നതില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. വൈറസിനെ തകര്‍ക്കാന്‍ അഭൂതപൂര്‍വ്വമായ ഒരുമയാണ് ഉണ്ടായത്. '' -ജസീന്ത ആന്‍ഡേണ്‍ പറഞ്ഞു. അമ്പത് ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 1154 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 22 പേര്‍ മരിച്ചു. കഴിഞ്ഞ 17 ദിവസമായി ന്യൂസിലാന്‍റില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

രാജ്യത്തെ ജനങ്ങളുടെ ത്യാഗമാണ് ഏഴാഴ്ച നീണ്ട ലോക്ക്ഡൗണിലൂടെ കൊവിഡ് വ്യാപനം തടയാന്‍ സഹായകമായതെന്നും ജസീന്ത പറ‌ഞ്ഞു. സംഭവം അറിഞ്ഞതോടെ എങ്ങനെ പ്രതികരിച്ചുവെന്ന ചോദ്യത്തിനാണ് താന്‍ മകള്‍ നീവിനൊപ്പം അല്‍പ്പം നൃത്തം ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്തിനാണ് താന്‍ നൃത്തം ചെയ്യുന്നതെന്ന് മനസ്സിലാകാതെ മകള്‍ അന്താളിച്ചുപോയെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 

click me!