
വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങൾ പുറത്ത് വിട്ട് ഡെമോക്രാറ്റ് വിഭാഗം. നീതി ന്യായ വകുപ്പ് ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്ത് വിടാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെയാണ് പുതിയ ചിത്രങ്ങൾ പുറത്ത് വന്നത്. മൈക്രോ സോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹ സ്ഥാപകൻ സെർജി ബ്രിൻ, ന്യൂയോർക്ക് ടൈംസിലെ കോളം എഴുത്തുകാരനായ ഡേവിഡ് ബ്രൂക്ക്സ് എന്നിവരുടെ ചിത്രങ്ങളാണ് വ്യാഴാഴ്ച പുറത്ത് വന്നത്. ചലചിത്ര നിർമ്മാതാവ് വുഡി അലൻ, പ്രശസ്ത ചിന്തകൻ നോം ചോസ്കി, സ്റ്റീവ് ബാനോൻ എന്നിവരടക്കമുള്ളവരുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്. ഒരാഴ്ച മുൻപ് ഡൊണാൾഡ് ട്രംപ്, ബിൽ ക്ലിൻറൺ, ലോറൻസ് സമ്മേഴ്സ് അടക്കമുള്ളവർ എന്നിവരുടെ ചിത്രങ്ങൾ ഒരാഴ്ച മുൻപ് പുറത്ത് വന്നിരുന്നു. ഹൗസ് ഡെമോക്രാറ്റ് കമ്മിറ്റിയിൽ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് 95000 ചിത്രങ്ങളാണ് പുറത്ത് വന്നത്. സമൂഹത്തിലെ വിവിധ മേഖലയിലെ ആളുകളുമായി ജെഫ്രി എപ്സ്റ്റീനുള്ള ബന്ധം വിശാലമാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന ചിത്രങ്ങളിലേറെയും. യുവതിക്കൊപ്പം എപ്സ്റ്റൈന്‍ എസ്റ്റേറ്റില്‍ നില്‍ക്കുന്ന ബില്‍ഗേറ്റ്സ് ഉള്‍പ്പടെയുള്ള പ്രമുഖരുടെ 68 ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബില്‍ഗേറ്റ്സിനൊപ്പമുള്ള യുവതിയുടെ മുഖം മറച്ചിട്ടുണ്ട്.
ജെഫ്രി എപ്സ്റ്റീൻ എന്ന കോടീശ്വരനെക്കുറിച്ച് 2005ൽ ആണ് പരാതികൾ ലഭിച്ചത്. പ്രായപൂർത്തിയാകാത്ത പെൺ മക്കളെ ലൈംഗികാതിക്രമത്തിന് വിധേയരാക്കി എന്നായിരുന്നു ലഭിച്ച പരാതി. അന്വേഷിച്ച് ചെന്ന പൊലീസിന് പരാതിയെ സാധൂകരിക്കുന്ന തെളിവുകളും കിട്ടി. പിന്നാലെ പരാതികളുടെ എണ്ണം കൂടി. കേസ് അട്ടിമറിക്കാനുള്ള ചില ശ്രമങ്ങളും നടന്നു. 2006 ൽ എപ്സ്റ്റീൻ അറസ്റ്റിലായി. 2009ൽ മോചിതനായെങ്കിലും 2019ൽ പിന്നെയും അറസ്റ്റിലായി. 2021 -ൽ കൂട്ടുപ്രതി ഗിസ്ലെയ്നും അറസ്റ്റിലായി. എപ്സ്റ്റീനെതിരായ പരാതിക്കാരിൽ പ്രമുഖയായിരുന്നു വിർജീനിയ ജുഫ്രേ. ഇവർ കോടതിയിലും എപ്സ്റ്റീനെതിരെ മൊഴി നൽകി. പക്ഷേ, 2025 ഏപ്രിലിൽ ഇവർ ആത്മഹത്യ ചെയ്തു. 2019ൽ എപ്സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട എപ്സ്റ്റീന്റെ പെണ്‍സുഹൃത്തായ മാക്‌സ് വെല്ലിനെ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
പുറത്തുവന്ന ചിത്രങ്ങളിലൊന്നും തന്നെ നിയമവിരുദ്ധ പ്രവര്‍ത്തികളുടെ വിവരങ്ങളോ അടയാളങ്ങളോ ഇല്ല. എന്നാൽ ഇക്കൂട്ടത്തിലെ ചെറിയ കുറിപ്പ് ഏറെ ദുരൂഹമാണ്. പെൺകുട്ടികളെ ആയിരം ഡോളറിന് എത്തിക്കുന്നത് സംബന്ധിച്ചാണ് ഈ കുറിപ്പ്. 'എന്‍റെയൊരു സുഹൃത്ത് കുറച്ച് പെണ്‍കുട്ടികളെ അയച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ആളൊന്നിന് 1000 ഡോളര്‍ വച്ചാണ് അവള്‍ ചോദിച്ചിരിക്കുന്നത്. ആ പെണ്‍കുട്ടികളെ ഞാന്‍ നിന്‍റെ അടുത്തേക്ക് അയയ്ക്കാം. അവരില്‍ ആരെങ്കിലും 'ജെ' യ്ക്ക് പറ്റുമായിരിക്കും' എന്നാണ് കുറിപ്പില്‍ പറയുന്നത്. എന്നാൽ ഈ സന്ദേശം ആര്, ആരോടാണ് പറഞ്ഞതെന്നോ ആര്‍ക്ക് വേണ്ടിയാണ് പെണ്‍കുട്ടികളെ എത്തിച്ചതെന്നോ വിശദാംശങ്ങൾ ഈ കുറിപ്പിൽ നിന്ന് വ്യക്തമല്ല. ഫയലുകള്‍ രാഷ്ട്രീയ ലക്ഷ്യത്തിനായി ഡമോക്രാറ്റുകള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അങ്ങേയറ്റം സുതാര്യതയോടും സത്യസന്ധതയോടുമാണ് ഫയലുകള്‍ പുറത്ത് വിടുന്നതെന്നാണ് ട്രംപ് അനുകൂലികൾ വാദിക്കുന്നത്. എപ്സ്റ്റൈന്‍ ഫയലുകള്‍ പുറത്തുവിടാന്‍ നീതിന്യായ വകുപ്പ് തീരുമാനിച്ചത് ഒരുമാസം മുൻപാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam