'ഞങ്ങളുടെ ആവശ്യം ഖ്വിസാസ്, ദയാധനമല്ല'; പരസ്യ പ്രതികരണവുമായി തലാലിന്‍റെ സഹോദരൻ; 'നിമിഷ പ്രിയക്ക് മാപ്പില്ല, എത്ര വൈകിയാലും നീതി നടപ്പാകും'

Published : Jul 16, 2025, 01:26 PM ISTUpdated : Jul 16, 2025, 01:40 PM IST
nimisha priya

Synopsis

നീതി (ഖ്വിസാസ്) മാത്രമാണ് ആവശ്യമെന്നും ഒത്തുതീർപ്പിനോ ദയാധനത്തിനോ തയ്യാറല്ലെന്നും കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ വ്യക്തമാക്കി

ദില്ലി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന് ഫേസ്ബുക്കിലൂടെയും വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ രംഗത്ത്. നേരത്തെ തന്നെ മാപ്പില്ലെന്ന് വ്യക്തമാക്കിയിരുന്ന സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഇപ്പോൾ, ഒരു തരത്തിലുമുള്ള സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും സഹോദരൻ വ്യക്തമാക്കി. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകൾക്കിടയിലാണ് അബ്ദുൽ ഫത്താഹ് മഹ്ദി മാപ്പ് നൽകില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. പല തരത്തിലുമുള്ള മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും തങ്ങൾ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും മഹ്ദി വിവരിച്ചു. തങ്ങളുടെ ആവശ്യം നീതി (ഖ്വിസാസ്) മാത്രമാണെന്നും സഹോദരൻ വിശദീകരിച്ചു. സത്യം മറക്കപ്പെടുന്നില്ലെന്നും, എത്ര ദൈർഘ്യമെടുത്താലും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടുമെന്നും മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു.

തലാലിന്‍റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ കുറിപ്പിന്‍റെ വിശദാംശങ്ങൾ

ഇന്ന് മധ്യസ്ഥതയിലൂടെയും സമാധാന ശ്രമങ്ങളിലൂടെയും കേൾക്കപ്പെടുന്നതും നേടപ്പെടുന്നതും പുതിയതോ അതിശയകരമോ ആയ ഒന്നല്ല... നമ്മുടെ കേസിന്റെ വർഷങ്ങളിലുടനീളം, രഹസ്യമായ ശ്രമങ്ങളും വലിയ മധ്യസ്ഥ ശ്രമങ്ങളും നടന്നിട്ടുണ്ട്, ഇത് സാധാരണവും പ്രതീക്ഷിതവുമാണ്. അതിനർത്ഥം, ഞങ്ങൾ അനുഭവിച്ച സമ്മർദ്ദങ്ങൾ ഞങ്ങളിൽ ഒന്നും മാറ്റിയിട്ടില്ല, ഞങ്ങളുടെ ആവശ്യം വ്യക്തമാണ്—നീതി (ക്വിസാസ്) മാത്രം, മറ്റൊന്നും അല്ല, കാര്യം എന്തുതന്നെയായാലും. ഇപ്പോൾ ഇത് മാറ്റിവെക്കപ്പെട്ടിരിക്കുന്നു, ഞങ്ങൾ അത് പ്രതീക്ഷിച്ചിരുന്നില്ല—നിർഭാഗ്യവശാൽ—പ്രത്യേകിച്ചും, നടപ്പാക്കൽ നിർത്തിവെച്ചവർക്ക് ഏതെങ്കിലും രൂപത്തിലോ വിധത്തിലോ ഉള്ള അനുരഞ്ജന ശ്രമങ്ങളോടുള്ള ഞങ്ങളുടെ പൂർണ നിരാകരണം അറിയാം. എന്തായാലും, ശിക്ഷ നടപ്പാക്കൽ തീയതി നിശ്ചയിച്ചതിനുശേഷം ഇത്തരം ശ്രമങ്ങൾ വരുന്നത് മുമ്പത്തേക്കാൾ ബുദ്ധിമുട്ടാണ്. ഞങ്ങൾ ശിക്ഷ നടപ്പാക്കൽ വരെ പിന്തുടരും. കാലതാമസം ഞങ്ങളെ വഴങ്ങാൻ പ്രേരിപ്പിക്കില്ല, സമ്മർദ്ദം ഞങ്ങളെ ഇളക്കില്ല, പണം രക്തത്തിന് പകരമാകില്ല... സത്യം മറക്കപ്പെടുന്നില്ല... നീതി വരും,എത്ര ദൈർഘ്യമെടുത്താലും, ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടും.

അനുനയ ശ്രമം തുടരും

അതേസമയം ഇക്കാര്യത്തിൽ ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുകൊണ്ടുതന്നെ ഇനിയും ചർച്ച തുടരാൻ സാധ്യതയുണ്ട്. സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള ഊർജ്ജിത ശ്രമം തുടരുകയാണ്. ഇന്നലെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടുവച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വധ ശിക്ഷ നിർത്തി വച്ചിരിക്കുന്നു എന്നാണ് വിധിപകർപ്പിൽ ഉള്ളത്. എന്നാൽ കേസ് ഇനി എന്ന് പരിഗണിക്കും എന്നും ഉത്തരവിൽ ഇല്ല. എന്നത്തേക്ക് മാറ്റി എന്നും ഉത്തരവിൽ ഇല്ല. നിമിഷ പ്രിയയുടെ കാര്യത്തിൽ തുടർന്നും ഇടപെടൽ നടത്തും എന്ന് കാന്തപുരം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബവുമായി ദയ ദനത്തിൽ ചർച്ച നടക്കുന്നെന്നും കോടതിയിൽ അറിയിച്ചിരുന്നു. ഇതിൽ തീരുമാനം ആകുന്നത് വരെ വധശിക്ഷ നടപ്പിലാക്കരുത് എന്നായിരുന്നു ഹർജി നൽകിയത്. ഇത് അംഗീകരിച്ചാണ് കോടതി, വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

പാകിസ്ഥാൻ വീണ്ടും വിഭജിക്കപ്പെടുന്നു! പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും 'വിഭജന' ചർച്ചകൾ; കടുത്ത മുന്നറിയിപ്പ് നൽകി വിദഗ്ധ‍ർ
ഇതുവരെ മരണം 20, സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു; വൻ ദുരന്തത്തിൽ പകച്ച് ഇന്തോനേഷ്യ