ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അമേരിക്കയുമായി വ്യാപാര കരാറിൽ ഒപ്പിടാനൊരുങ്ങുന്നു. ഇന്ത്യയ്ക്ക് ലഭിച്ച താരിഫ് ഇളവിനെ മറികടക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ കരാർ
ധാക്ക: ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയുമായി ധൃതിപിടിച്ച് വ്യാപാര കരാറിൽ ഒപ്പിടാനൊരുങ്ങി മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. ഫെബ്രുവരി 12ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഫെബ്രുവരി 9-ന് കരാർ ഒപ്പിടാനാണ് തീരുമാനം. കരാറിലെ നിബന്ധനകൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര കരാറിൽ ധാരണയിൽ എത്തിയതിനു പിന്നാലെയാണ് ബംഗ്ലാദേശിന്‍റെ തിരക്കിട്ട നീക്കം. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ യുഎസ് 18 ശതമാനമായി കുറച്ചിരുന്നു. ഇതോടെ അമേരിക്കൻ വിപണിയിലെ ബംഗ്ലാദേശിന്റെ പ്രധാന വരുമാന മാർഗ്ഗമായ വസ്ത്ര വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് ബംഗ്ലാദേശ് ഭയക്കുന്നു. ഇന്ത്യയെ മറികടക്കാൻ കുറഞ്ഞ നികുതി നിരക്ക് നേടാനാണ് ഈ കരാറിലൂടെ ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്.
രഹസ്യ സ്വഭാവത്തിനെതിരെ പ്രതിഷേധം
യുഎസുമായുള്ള കരാറിന്റെ കരട് പാർലമെന്‍റിലോ വ്യവസായികളുമായോ ചർച്ച ചെയ്തിട്ടില്ല. അമേരിക്കയുമായി 'നോൺ-ഡിസ്ക്ലോഷർ എഗ്രിമെന്റ്' (എൻഡിഎ) ആണ് ഇടക്കാല സർക്കാർ ഒപ്പിടുക. കഴിഞ്ഞ വർഷം ഏപ്രിലിൽ 37 ശതമാനം തീരുവയാണ് യുഎസ് ബംഗ്ലാദേശിന് ചുമത്തിയത്. ജൂലൈയിൽ 35 ശതമാനമായും ആഗസ്തിൽ 20 ശതമാനമായും കുറച്ചു. നിലവിൽ 20 ശതമാനമുള്ള ഇറക്കുമതി തീരുവ 15 ശതമാനമായി കുറയ്ക്കാനാണ് ഈ കരാറിലൂടെ ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്.
ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറച്ച് അമേരിക്കൻ സൈനിക ഉപകരണങ്ങൾ വാങ്ങുക, യുഎസിനായി നിയന്ത്രണമില്ലാതെ ബംഗ്ലാദേശ് വിപണി തുറന്നുകൊടുക്കുക തുടങ്ങിയ കടുത്ത നിബന്ധനകൾ കരാറിലുണ്ടെന്നാണ് സൂചന. ഇടക്കാല സർക്കാർ ഇത്തരം സുപ്രധാന കരാറുകളിൽ ഏർപ്പെടുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് ബംഗ്ലാദേശിൽ ഉയരുന്ന വിമർശനം. ബംഗ്ലാദേശിന്റെ ആകെ കയറ്റുമതിയുടെ 80 ശതമാനവും ജിഡിപിയുടെ 20 ശതമാനവും വസ്ത്ര വ്യാപാര മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുതിയ കരാർ ഈ മേഖലയെ എങ്ങനെ ബാധിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് വ്യവസായ സംഘടനയായ ബിജിഎംഇഎ ആശങ്ക പ്രകടിപ്പിച്ചു.

