
ദില്ലി: വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ സ്വിസ്സ് ബാങ്ക് അക്കൗണ്ടുകൾ സ്വിറ്റ്സർലൻറ് സർക്കാർ മരവിപ്പിച്ചു. 41 കോടിയിലധികം രൂപ ആസ്തിയുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അഭ്യര്‍ത്ഥനപ്രകാരമാണ് നടപടി.
നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇവയിൽ രണ്ട് അക്കൗണ്ടുകൾ നീരവ് മോദിയുടെ പേരിലും ബാക്കിയുള്ളവ നീരവിന്‍റെ സഹോദരി പുർവി മോദിയുടെ പേരിലും ഉള്ളതാണ്. നാല് അക്കൗണ്ടുകളിലായി 41,46,75,000 രൂപ ( ആറ് മില്യണ്‍ യുഎസ് ഡോളര്‍) ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നാല് മാസം മുമ്പാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വിറ്റ്സര്‍ലന്‍റ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പാത്തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് സ്വിസ് ബാങ്കിലേക്ക് മാറ്റിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഡയറക്ടറേറ്റിന്‍റെ നീക്കം.
13,000 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് കേസില്‍ നീരവ് മോദിയുടെ ജാമ്യാപേക്ഷ നാല് തവണ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി തള്ളിയിരുന്നു. നീരവ് മോദി
ഇപ്പോള്‍ ലണ്ടനിലെ വാണ്ട്സ്വര്‍ത് ജയിലിലാണ് ഉള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam