
ബെര്‍ലിന്‍: അഡോള്‍ഫ് ഹിറ്റ്‍ലറിന്‍റെ ക്രൂരതയുടെ പാരമ്പര്യം പേറുന്നവര്‍ ശക്തിയാര്‍ജ്ജിക്കുവാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. നിയോ നാസികള്‍ എന്നറിയപ്പെടുന്ന ഇക്കൂട്ടര്‍ ഹിറ്റ്ലറിന്‍റെ തന്ത്രങ്ങള്‍ തന്നെയാണ് ആവിഷ്കരിക്കുന്നതും ആവര്‍ത്തിക്കുന്നതും. ഹിറ്റ്ലര്‍ നടത്തിയതുപോലുള്ള ബിയര്‍ ഒഴുകുന്ന റോക്ക് ബാന്‍ഡുകള്‍ സംഘടിപ്പിച്ച് ശക്തരാകുവാനുള്ള ശ്രമത്തിലാണ് നിയോ നാസികള്‍. എന്നാല്‍ നിയോ നാസികള്‍ ശക്തിപ്പെടാതിരിക്കാനായി ഇത്തരം സംഗീത നിശകള്‍ പൊളിച്ച് കയ്യില്‍ കൊടുക്കുകയാണ് നാട്ടുകാരും പൊലീസും.
ജര്‍മ്മനിയെ ഓസ്ട്രിറ്റ്സില്‍ നിയോ നാസികള്‍ നടത്തിയ റോക്ക് ബാന്‍ഡിന് നാട്ടുകാരും പൊലീസും ചേര്‍ന്ന് ബിയര്‍ 'നിരോധനം' ഏര്‍പ്പെടുത്തിയെന്നതാണ് അക്കൂട്ടത്തിലെ ഏറ്റവും പുതിയ വാര്‍ത്ത. നിയോ നാസികളുടെ റോക്ക് ബാന്‍ഡ് ആഘോഷത്തിന് ബിയര്‍ ലഭിക്കാതിരിക്കാനായി പൊലീസ് 4200 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. എന്നിട്ടും 200 ലിറ്ററോളം ബിയര്‍ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളിലായി മിച്ചം വന്നു. ഇതറിഞ്ഞതോടെയാണ് നാട്ടുകാരുടെ 'ബുദ്ധി' പ്രവര്‍ത്തിച്ചത്. അവര്‍ കൂട്ടമായെത്തി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ബിയര്‍ വാങ്ങി പെട്ടി കാലിയാക്കുകയായിരുന്നു.
കഴിഞ്ഞ തവണ ആയിരത്തി അഞ്ഞൂറോളം പേരാണ് സംഗീത നിശയ്ക്കെത്തിയത്. ഇക്കുറി ബിയര്‍ ഇല്ലെന്ന് വ്യക്തമായതോടെ അറുന്നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് എത്തിയത്. ഓസ്ട്രിറ്റ്സ് നിവാസികളുടെ കൂട്ടായ പരിശ്രമത്തോടെ നിയോ നാസികളുടെ സംഗീത നിശ, നിരാശയായെന്ന് വ്യക്തം. ഹിറ്റ്ലറിനെ അധികാരത്തിലേറിച്ചതും കരുത്തനാക്കിയതും ബിയര്‍ ഒഴുകുന്ന സംഗീത നിശകളാണെന്ന വിശ്വാസത്തിലാണ് നിയോ നാസികള്‍ അത്തരം പരിപാടികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam