
ഗാസ: 2024 നെ വരവേറ്റ് ലോകം ആഘോഷത്തിന്റെ പൂത്തിരി കത്തിച്ചപ്പോൾ ഗാസയുടെ ആകാശത്ത് വിരിഞ്ഞത് ബോംബ് സ്ഫോടനങ്ങളുടെ അഗ്നിഗോളങ്ങൾ. പുതുവർഷത്തിലും ഇസ്രയേലിന്റെ ആക്രമണത്തിന് ഇടവേളയുണ്ടായില്ല. പലസ്തീന്‍റെ 2023 അവസാനിച്ചതും 2024 തുടങ്ങിയതും ആഘോഷമില്ലാതെയാണ്. ഭക്ഷണത്തിനും വെള്ളത്തിനും തലചായ്ക്കാനിടവുമാണ് പലസ്തീനിലെ ജനങ്ങളുടെ ആകെയുള്ള ചിന്ത.
ഇസ്രയേലിന്റെ ആക്രമണത്തിൽ പലായനം ചെയ്യേണ്ടി വന്നവർ റഫാ അതിർത്തിയിൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്. ഇവർ തെരുവിലുറങ്ങുന്നു, തെരുവിലുണരുന്നു. മരവിക്കുന്ന തണുപ്പിലും മറ്റ് അഭയമില്ല. കമ്പിളി പുതപ്പുകളും കുറച്ച് പാത്രങ്ങളും മാത്രമാണ് ഇന്ന് പലരുടേയും ആകെയുള്ള സമ്പാദ്യം. ഉപേക്ഷിച്ചു പോരണ്ടേിവന്ന ജീവിതത്തെക്കുറിച്ച് നിറകണ്ണുകളോടെ ഓർക്കുന്നുണ്ട് അവർ. തകർന്ന വീടുകളിലേക്ക് തിരിച്ചു പോകാനെങ്കിലും കഴിഞ്ഞാൽ മതിയെന്ന് ആഗ്രഹിക്കുന്നു പലരും. പഴയതുപോലെയൊരു ജീവിതം സ്വപ്നം കാണുന്നുണ്ട് മറ്റ് ചിലർ.
കുട്ടികൾ പേടിയില്ലാതെ ഓടിക്കളിക്കുന്ന, സ്വന്തം വീടുകളിൽ താമസിക്കാനാകുന്ന ഒരു നല്ല വർഷം ഉണ്ടാകണേയെന്ന് ആഗ്രഹിക്കുന്നുണ്ട് പലസ്തീനിലെ ഏറിയ പങ്കും ആളുകളും. 2024 ഉം ഗാസ സംഘർഷം ഗുരുതരമായി തുടരുമെന്നാണ് ഐക്രാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. ഗാസയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പാകിസ്ഥാനും ഷാർജയും പുതുവർഷാഘോഷങ്ങൾ നിരോധിച്ചിരുന്നു.
സംഘർഷത്തിന്റെ സാഹചര്യത്തിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിരിക്കയാണ് ഫ്രാൻസ്. കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ ആക്രമണത്തിൽ 100ഓളം പേരാണ് ഗാസയിൽ കൊല്ലപ്പട്ടതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam