ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെയുള്ള ഇന്ത്യ-ചൈന ചർച്ചയിൽ വ്യാപാരബന്ധം പ്രധാന വിഷയമാകും. അവശ്യ ധാതുക്കൾക്ക് ചൈന ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ നീക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും.
ദില്ലി: ബ്രിക്സ് ഉച്ചകോടിക്കിടയിലുള്ള ഇന്ത്യ - ചൈന ചർച്ചയിൽ വ്യാപാരബന്ധം വിശദമായി വിലയിരുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ. അവശ്യ ധാതുക്കൾക്ക് ഉൾപ്പെടെ ചൈന ഏർപ്പെടുത്തുന്ന നിയന്ത്രണം ചർച്ചയാക്കും. വ്യാവസായിക ഉൽപ്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ കൈമാറ്റത്തിനുള്ള തടസ്സങ്ങൾ നീക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഉച്ചകോടിയിലും ഈ വിഷയം ഉയർന്നു വരുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് വെള്ളിയാഴ്ച ദില്ലിയിൽ എത്താനിരിക്കെ കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളുടെയും കോർ കമാൻഡർ തല ചർച്ച നടന്നു. ഇന്ത്യ - ചൈന കോർ കമാൻഡർ തല ചർച്ചയിൽ പുരോഗതിയുണ്ട്. അതിർത്തി മേഖലയിൽ സമാധാന അന്തരീക്ഷം നിലനിർത്താനും ചർച്ചകൾ തുടരാനുമാണ് ധാരണ. അരുണാചൽ അതിർത്തിയിലെ അപ്പർ സുബൻസിരി ജില്ലയിലെ ടാക്സിങ് മേഖലയിൽ രണ്ട് സേനകൾക്കുമിടയിൽ തർക്കം ഉണ്ടായ സാഹചര്യത്തിലാണ് കോർ കമാൻഡർമാരുടെ ചർച്ച നടന്നത്. സ്പിയർ കോർ എന്ന് അറിയപ്പെടുന്ന കമാൻഡർ ലഫ്റ്റനന്‍റ് ജനറൽ ഗിരീഷ് കാലിയ ആണ് അരുണാചലിലെ വാച്ച പോയിന്‍റിൽ നടന്ന ചർച്ച നയിച്ചത്. ഇതാദ്യമായാണ് അരുണാചൽ അതിർത്തിയിൽ കോർ കമാൻഡർ തല ചർച്ച നടന്നത്. നേരത്തെ സംഘർഷ സാധ്യതയെ തുടർന്ന് മേഖലയിൽ ഇന്ത്യൻ സേന സാന്നിധ്യം കൂട്ടിയിരുന്നു.
വെള്ളിയാഴ്ചയോടെ ലോകനേതാക്കൾ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദില്ലിയിലേക്ക് എത്തും. സെപ്തംബർ 12, 13 തിയ്യതികളിലാണ് ബ്രിക്സ് ഉച്ചകോടി. റഷ്യ, ചൈന പ്രസിഡന്‍റുമാർ അടക്കം ഇരുന്നൂറോളം ലോക നേതാക്കൾ ദില്ലിയിൽ എത്തും.
