
ദില്ലി: ഈ മാസം 13-ന് തുടങ്ങുന്ന ഷാങ്ഹായ സഹകരണ ഉച്ചകോടിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും കൂടിക്കാഴ്ച നടത്തില്ലെന്ന് വിദേശകാര്യമന്ത്രാലയം. കിർഗിസ്ഥാനിലെ ബിഷ്‍കെകിൽ ജൂൺ 13 മുതൽ 14 വരെയാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടി. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റ് ആദ്യം പങ്കെടുക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയാണിത്.
ദില്ലിയിൽ നടന്ന വിദേശകാര്യമന്ത്രാലയത്തിന്‍റെ വാർത്താ സമ്മേളനത്തിലാണ് വക്താവ് രവീഷ് കുമാർ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. പുൽവാമ ഭീകരാക്രമണത്തിനും ബാലാകോട്ട് പ്രത്യാക്രമണത്തിനും ശേഷം മേഖലയിൽ സമാധാനം ഉറപ്പാക്കാൻ, രണ്ടാമൂഴത്തിൽ അധികാരമേറ്റ മോദി ഇമ്രാനുമായി SOO ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
പാക് വിദേശകാര്യ സെക്രട്ടറി സൊഹൈൽ മഹ്‍മൂദ് ഇപ്പോൾ ഇന്ത്യയിലുണ്ട്. ഈദ് ദിനമായിരുന്ന ഇന്നലെ അദ്ദേഹം ദില്ലിയിലെ ജമാ മസ്‍ജിദിലെത്തി ഈദ് നമസ്‍കാരത്തിൽ പങ്കുകൊണ്ടിരുന്നു. ഇന്ത്യയിലെ പാക് സ്ഥാനപതി സയ്യിദ് ഹൈദർ ഷായും സൊഹൈൽ മഹ്‍മൂദിനൊപ്പമുണ്ടായിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥരുമായോ മന്ത്രിമാരുമായോ അദ്ദേഹം കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യം വ്യക്തമല്ല. സന്ദർശനം തീർത്തും വ്യക്തിപരമാണെന്നാണ് പാക് ഹൈക്കമ്മീഷൻ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇതിനിടെയാണ് ഷാങ്‍ഹായ് ഉച്ചകോടിയിൽ മോദി - ഇമ്രാൻ കൂടിക്കാഴ്ചയുണ്ടാവില്ലെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം തന്നെ രംഗത്തുവരുന്നത്.
ജൂൺ ആദ്യവാരം നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയപ്പോൾ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഫൈസൽ ഇന്ത്യയും പാകിസ്ഥാനും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ട്വീറ്റ് ചെയ്തിരുന്നു. ''സമാധാനം, വികസനം, സമൃദ്ധി'' എന്നിവ തെക്കേ ഏഷ്യയിലുണ്ടാകാൻ ഇന്ത്യയും പാകിസ്ഥാനും ഒന്നിച്ച് നിൽക്കേണ്ടതുണ്ടെന്നും ഫൈസൽ അന്ന് വ്യക്തമാക്കിയിരുന്നു.
ഈ പരാമർശത്തിന് മറുപടിയായി, മോദി ഇമ്രാൻ ഖാന്‍റെ അഭിനന്ദനത്തിന് നന്ദി പറഞ്ഞെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാൻ അക്രമവും തീവ്രവാദവും അവസാനിപ്പിക്കണമെന്നും വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിറക്കിയിരുന്നു. എങ്കിലേ തെക്കേ ഏഷ്യയിൽ ''സമാധാനം, വികസനം, സമൃദ്ധി'' എന്ന നയം നടപ്പാകൂ എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam