
വാഷിംഗ്ടൺ: വാഷിംഗ്ടണിൽ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചെന്ന വാർത്ത അമേരിക്കയെ അക്ഷരാർത്ഥിൽ ഞെട്ടിക്കുന്നതായിരുന്നു. ആകാശ ദുരന്തങ്ങൾ പൊതുവെ കുറവായിട്ടുള്ള അമേരിക്കയിൽ 15 വർഷത്തിനിപ്പുറമാണ് ഒരു പ്രധാന വിമാനാപകടം സംഭവിക്കുന്നത്. 64 പേരുമായി പോയ പാസഞ്ചർ വിമാനവും, നാലുപേരുമായി വരുകയായിരുന്ന സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് ബുധനാഴ്ച രാത്രി നടുക്കുന്ന അപകടമുണ്ടായത്. 18 മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പൊട്ടോമാക് നദിയിൽ നിന്ന് കണ്ടെടുത്തതായാണ് അധികൃതരിൽ നിന്നും ലഭിച്ച വിവരം. യുഎസ് ആർമി ഹെലികോപ്റ്റർ പരിശീലന പറക്കലിനിടെയാണ് വിമാനവുമായി കൂട്ടിയിടിച്ചത്. കാൻസാസിൽ നിന്ന് വാഷിംഗ്ടൺ ഡിസിയിലേക്ക് വന്ന അമേരിക്കൻ എയർലൈൻസിന്റെ CRJ700 യാത്രാ വിമാനം റെയ്ഗൻ നാഷണൽ എയർപോർട്ടിൽ ഇറങ്ങാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് ആകാശ ദുരന്തം സംഭവിച്ചത്. റൺവേ 33 ലക്ഷ്യമാക്കി താഴ്ന്നുകൊണ്ടിരുന്ന വിമാനത്തിലേക്ക് അമേരിക്കൻ സൈന്യത്തിന്റെ ബ്ലാക്ക്ഹോക്ക് സൈനിക ഹെലികോപ്റ്റർ ഇടിച്ചുകയറുകയായിരുന്നു. വിശദമായ അന്വേഷണത്തിൽ മാത്രമേ അപകട കാരണം വ്യക്തമാകു എന്നാണ് അധികൃതർ പറയുന്നത്. വിമാന ദുരന്തങ്ങളിൽ അത്യപൂർവമാണ് ആകാശത്തെ കൂട്ടിയിടികൾ. അമേരിക്കയെ നടക്കിയ വിമാനാപകടങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
ഫെബ്രുവരി 12, 2009: ന്യൂയോർക്കിൽ നിന്ന് ബഫല്ലോ എന്ന ചെറുപട്ടണത്തിലേക്ക് പറന്ന കോൾഗൻ എയർ ബൊംബാർഡിയർ വിമാനം തകർന്നതാണ് സമീപകാലത്ത് അമേരിക്കയെ നടുക്കിയ ദുരന്തം. വിമാനത്തിലുണ്ടായിരുന്ന 49 യാത്രക്കാർക്കും അന്ന് ജീവൻ നഷ്ടമായിരുന്നു.
ജനുവരി 15, 2009: 150 ലധികം ആളുകളുമായി പോയ യു എസ് എയർവേയ്‌സ് എയർബസ് എ 320 വിമാനം പക്ഷിക്കൂട്ടവുമായി കൂട്ടിയിടിക്കുകയുണ്ടായി. എന്നാൽ അതിസാഹസികമായി പൈലറ്റ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചു. സാഹചര്യത്തിന് അനുസൃതമായ പൈലറ്റിൻ്റെ ഇടപെടൽ കൊണ്ട് അന്ന് യാത്രക്കാർക്ക് പരിക്കുകളൊന്നും പറ്റിയിരുന്നില്ല.
ഓഗസ്റ്റ് 27, 2006: കെൻ്റക്കിയിലെ ലെക്‌സിംഗ്ടൺ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട പ്രാദേശിക ഗതാഗതം നടത്തുന്ന വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തെറ്റായ റൺവേയിലേക്കിറക്കി വിമാനം തകർന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന 50 ഓളം പേർ മരിച്ചിരുന്നു.
ഡിസംബർ 19, 2005: മിയാമിയെയും ബഹാമാസിലെ ദ്വീപിനെയും ബന്ധിപ്പിക്കുന്ന ഓഷ്യൻ എയർവേയ്‌സിന്റെ ഗ്രമ്മൻ G-73T മല്ലാർഡ് ഹൈഡ്രോപ്ലെയിൻ, പറന്നുയർന്നതിന് തൊട്ടുപിന്നാലെ കടലിൽ തകർന്നു വീണു. രണ്ട് ജീവനക്കാരും 18 യാത്രക്കാരുമാണ് അന്നത്തെ അപകടത്തിൽ മരിച്ചത്.
ഒക്ടോബർ 19, 2004: കാഴ്ച മറഞ്ഞതിനെ തുടർന്ന് അമേരിക്കൻ കണക്ഷന്റെ ബിഎഇ ജെറ്റ്സ്ട്രീം 32 വിമാനം മിസ്സോരിയിലെ കിർക്സ് വില്ലയ്ക്കടുത്ത് തകർന്നു വീണു. പൈലറ്റും 13 യാത്രക്കാരുമാണ് അപകടത്തിൽ മരണപ്പെട്ടത്.
ജനുവരി 8 2003: നോർത്ത് കരോലിനയിലെ ഷാർലറ്റിനും സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിനും ഇടയിൽ പറക്കുന്ന യു എസ് എയർവേയ്‌സ് ബീച്ച്‌ക്രാഫ്റ്റ് 1900 എന്ന വിമാനം പറന്നുയർന്ന ഉടൻ ഒരു ഹാംഗറിൽ ഇടിച്ചു തകർന്നു. രണ്ട് പൈലറ്റുമാരും വിമാനത്തിലുണ്ടായിരുന്ന 19 യാത്രക്കാർക്കും ജീവൻ നഷ്ടമായി.
നവംബർ 12, 2001: ന്യൂയോർക്കിൽ നിന്ന് സെൻ്റ്-ഡൊമിംഗ്വിലേക്ക് പറക്കുകയായിരുന്ന അമേരിക്കൻ എയർലൈൻസ് എയർബസ് A-300, JFK എന്ന വിമാനം, വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നു വീണു. 251 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് അന്ന് മരിച്ചത്. അപകടത്തിൽ നിരവധി വീടുകൾ നശിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അഞ്ച് പ്രദേശവാസികളും അപകടത്തിൽ കൊല്ലപ്പെട്ടു. സെപ്തംബർ 11 ലെ ഭീകരാക്രമണം കഴിഞ്ഞ് രണ്ട് മാസങ്ങൾക്ക് ശേഷമാണ് ഈ അപകടം സംഭവിച്ചത്.
ജനുവരി 13, 1982: മഞ്ഞുവീഴ്ചയ്ക്കിടെ പറന്നുയർന്ന എയർ ഫ്ലോറിഡ ബോയിംഗ് 737-222 ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ പൊട്ടോമാകിന് മുകളിലുള്ള പാലത്തിൽ ഇടിച്ചു തകർന്നു. അപകടത്തിൽ പാലത്തിൽ ഉണ്ടായിരുന്ന നാല് വാഹനയാത്രികർ ഉൾപ്പെടെ 78 പേരാണ് മരിച്ചത്.