
വാഷിങ്ടണ്‍: അമേരിക്കയിൽ വിമാന ദുരന്തമുണ്ടായ സ്ഥലം സന്ദർശിക്കുമോ എന്ന ചോദ്യത്തിന് പരിഹാസം നിറഞ്ഞ മറുപടി നൽകി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 'ഞാനെന്താ നീന്താൻ പോകണോ'യെന്നാണ് ട്രംപ് ചോദിച്ചത്. വാഷിങ്ടണ്‍ ഡിസിയിൽ പൊട്ടൊമാക് നദിക്ക് മുകളിൽ വച്ചാണ് കഴിഞ്ഞ ദിവസം യാത്രാ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചത്.
അമേരിക്കയിൽ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ആകാശ ദുരന്തമാണ് കഴിഞ്ഞ ദിവസമുണ്ടായത്. സംഭവ സ്ഥലം സന്ദർശിക്കുമോ എന്നാണ് വൈറ്റ് ഹൌസിലെ വാർത്താ സമ്മേളനത്തിൽ ഉയർന്ന ഒരു ചോദ്യം. ട്രംപ് ഉടൻ പരിഹാസം നിറഞ്ഞ മറുപടി പറഞ്ഞു- "ഞാൻ സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ അത് സംഭവ സ്ഥലമല്ല. നിങ്ങൾ പറയൂ, സംഭവ സ്ഥലം ഏതാണ്? വെള്ളമാണോ? ഞാനെന്താ നീന്താൻ പോകണോ?"
ഇന്നലെയുണ്ടായ വിമാനാപകടത്തിൽ 67 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇതിനകം 40 മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചു. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. മരിച്ചവരിൽ 14 സ്കേറ്റിംഗ് താരങ്ങളും ഉൾപ്പെട്ടതായാണ് വിവരം. ഹെലികോപ്റ്ററിലെയും വിമാനത്തിലെയും ബ്ലാക് ബോക്സ് പൊട്ടൊമാക് നദിയിൽ നിന്ന് കണ്ടെടുത്തു. അപകടത്തെ തുടർന്ന് അടച്ചിട്ട വാഷിങ്ടണിലെ റെയ്‌ഗൻ നാഷണൽ എയർപോർട്ട് പ്രവർത്തനം പുനരാരംഭിച്ചു.
അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് ദേശീയ ഗതാഗത സുരക്ഷാ ഏജൻസി അറിയിച്ചു. 'ഒരു തെറ്റ് സംഭവിച്ചു' എന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രതികരിച്ചത്. അതിനിടെ അപകടത്തിൽ ബൈഡൻ, ഒബാമ സർക്കാരുകളെ പഴിച്ച് ട്രംപ് രംഗത്തെത്തി. സൈന്യത്തിലുള്‍പ്പെടെ ഇവര്‍ കൊണ്ടുവന്ന വംശീയ വൈവിധ്യമാണ് അപകടത്തിന് കാരണമെന്ന വിചിത്ര വാദമാണ് ട്രംപ് ഉന്നയിച്ചത്. അപകട സമയത്ത് പൈലറ്റിന് കൃത്യമായ തീരുമാനം എടുക്കാന്‍ സാധിച്ചില്ലെന്നും അതുകൊണ്ടാണ് അപകടം ഉണ്ടായതെന്നും ട്രംപ് പറഞ്ഞു.
അമേരിക്കൻ എയർലൈൻസിന്‍റെ ജെറ്റ് വിമാനം ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിമാനത്തിൽ 64 പേരും ഹെലികോപ്റ്ററിൽ മൂന്ന് സൈനികരുമാണ് ഉണ്ടായിരുന്നത്. ഹെലികോപ്ടർ ഇടിച്ചതിനെത്തുടർന്ന് വിമാനം അഗ്നിഗോളമായി പൊട്ടിത്തെറിക്കുന്നതും രണ്ട് വിമാനങ്ങളും പൊട്ടോമാക് നദിയിലേക്ക് വീഴുന്നതുമായ ദൃശ്യം പുറത്തുവന്നു.
ആകാശ ദുരന്തത്തിൽ മരണം 67; കണ്ടെടുത്തത് 40 മൃതദേഹങ്ങൾ; എല്ലാം ബൈഡൻ ഭരണത്തിൻ്റെ കുഴപ്പമെന്ന് ട്രംപ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam