ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിൽ വ്യാപാരക്കരാ‌ർ ഉണ്ടാകില്ല, സ്റ്റേഡിയം ഉദ്ഘാടനവുമില്ല

By Web TeamFirst Published Feb 19, 2020, 2:06 PM IST
Highlights

കരാറിനോട് ഇന്ത്യയുടെ പ്രതികരണം നല്ല രീതിയിൽ അല്ലെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ശേഷം മാത്രം പുതിയ കരാർ എന്നാണ് നിലപാടെന്നും ട്രംപ്. 

വാഷിംഗ്‍ടൺ/ ദില്ലി: തിങ്കളാഴ്ച തുടങ്ങുന്ന ഇന്ത്യ സന്ദർശനത്തിൽ വ്യാപാര കരാർ ഒപ്പുവയ്ക്കില്ലെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കരാർ മറ്റൊരവസരത്തിനായി മാറ്റിവയ്ക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. മൊട്ടേരയിലെ, ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ട്രംപ് ഉദ്ഘാടനം ചെയ്യില്ലെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തു വന്നു.

''ഇന്ത്യയുമായി ഒരു വലിയ വ്യാപാര കരാർ ഉണ്ടാകും. എന്നാൽ അത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുമ്പുണ്ടാവുമോ എന്നറിയില്ല. ഇന്ത്യയുടെ നിലപാടിനോട് അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ നരേന്ദ്ര മോദി വളരെ നല്ല വ്യക്തിയാണ്'', എന്നാണ് ട്രംപ് വാഷിംഗ്‍ടണിൽ വച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. 

Read more at: ട്രംപിന്റെ വഴിയരികെ മതില്‍ കെട്ടുന്നത് സുരക്ഷാഭീഷണി ചെറുക്കാനോ? കോളനിവാസികള്‍ക്ക് പറയാനുള്ളത്

അഹമ്മദാബാദിലെ വൻ സ്വീകരണം കാത്തിരിക്കുന്നു എന്ന് ട്രംപ് ആവർത്തിക്കുന്നു. എന്നാൽ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ആയുധമാക്കാവുന്ന വ്യാപാര കരാറിൽ ധാരണയില്ല. അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾക്ക് തീരുവ ഇളവിനുള്ള സമ്മർദ്ദമാണ് ധാരണയുണ്ടാവാത്തതിന് കാരണം.

എന്നാൽ മോദിയുമായുള്ള സൗഹൃദത്തെ ഇത് ബാധിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കുന്നു. നവംബർ മാസത്തിലാണ് അമേരിക്കയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. ഈ തെര‍ഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കരാർ പ്രഖ്യാപിക്കുക എന്ന ലക്ഷ്യവും ട്രംപിനുണ്ട്. 'നമസ്തെ ട്രംപി'നൊപ്പം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയുടെ ഉദ്ഘാടനവും നടക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റിയേക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. 

Read more at: 'മതിലില്‍ ഒതുങ്ങുന്നില്ല': ട്രംപ് എത്തുന്ന സ്റ്റേഡിയത്തിന് ചുറ്റുമുള്ള ചേരികൾ ഒഴിപ്പിക്കുന്നു

ട്രംപ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതിൽ പ്രോട്ടോക്കോൾ പ്രശ്നങ്ങളുണ്ടെന്നാണ് സൂചന. അതെന്തായാലും അഹമ്മദാബാദിൽ നിന്ന് ട്രംപും ഭാര്യ മെലാനിയയും ആഗ്രയിലേക്ക് പോകുമെന്നും താജ്‍ മഹൽ സന്ദർശിക്കുമെന്നും വിദേശകാര്യ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. വ്യാപാര കരാർ
ഇല്ലെങ്കിലും ആയുധ ഇടപാടുകൾ ട്രംപ് - മോദി കൂടിക്കാഴ്ചയ്ക്കു ശേഷം പ്രഖ്യാപിക്കാനാണ് സാധ്യത.

click me!