സമാധാനത്തിനുള്ള നോബേൽ പ്രൈസ് പ്രഖ്യാപിച്ചു; ബെലറൂസ് മനുഷ്യാവകാശ പ്രവർത്തകനും രണ്ട് സംഘടനകളും പങ്കിട്ടു 

By Web TeamFirst Published Oct 7, 2022, 4:34 PM IST
Highlights

ബെലറൂസിലെ മനുഷ്യവകാശ പ്രവർത്തകൻ അലെയ്സ് ബിയാലിയറ്റ്സ്കിയും റഷ്യ, യുക്രൈൻ മനുഷ്യാവകാശ സംഘടനകളുമാണ് പുരസ്കാരം പങ്കിട്ടത്. റഷ്യൻ മനുഷ്യാവകാശ സംഘടന മെമ്മോറിയലിനും യുക്രൈനിലെ സെന്റർ ഫോർ ലിബർട്ടീസ് എന്ന സംഘടനക്കുമാണ് പുരസ്ക്കാരം. 

ഓസ്‌ലോ : ഈ വർഷത്തെ സമാധാനത്തിനുള്ള നോബേൽ പുരസ്ക്കാരം ബെലറൂസ് മനുഷ്യാവകാശ പ്രവർത്തകനും രണ്ട് മനുഷ്യാവകാശ, യുദ്ധ വിരുദ്ധ സംഘടനകളും പങ്കിട്ടു. ബെലറൂസിലെ മനുഷ്യവകാശ പ്രവർത്തകൻ അലെയ്സ് ബിയാലിയറ്റ്സ്കിയും റഷ്യ, യുക്രൈൻ മനുഷ്യാവകാശ സംഘടനകളുമാണ് പുരസ്കാരം പങ്കിട്ടത്. റഷ്യൻ മനുഷ്യാവകാശ സംഘടന മെമ്മോറിയലിനും യുക്രൈനിലെ സെന്റർ ഫോർ ലിബർട്ടീസ് എന്ന സംഘടനക്കുമാണ് പുരസ്ക്കാരം. 

ലോകത്തെ ഉന്നതമായ പുരസ്‌കാരം തേടിയെത്തുമ്പോൾ ബലാറൂസിലെ മനുഷ്യാവകാശ പ്രവർത്തകനായ അലേയ്സ് ബിയലാട്സ്കി ജയിലിലാണ്. അറുപതുകാരനായ അഭിഭാഷകനെ ഭരണകൂടം വിചാരണത്തടവുകാരനാക്കിയിരിക്കുകയാണ്. മനുഷ്യാവകാശ കൂട്ടായ്മ ഉണ്ടാക്കി ബെലാറൂസിലെ ഏകാധിപതി അലക്‌സാണ്ടർ ലുകാഷെങ്കോയ്ക്ക് എതിരെ നിരന്തരം ജനാധിപത്യ സമരം നടത്തുന്ന വ്യക്തിയാണ് അലേയ്സ് ബിയലാട്സ്കി.

കമ്യുണിസ്റ്റ് സോവിയറ്റ് യൂണിയനിൽ നടന്ന പൗരാവകാശ ലംഘനങ്ങളുടെ നടുക്കുന്ന യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവന്ന റഷ്യൻ സംഘടനയാണ് നൊബേൽ പുരസ്‌കാരം നേടിയ മെമ്മോറിയൽ. നിരന്തരം റഷ്യൻ സർക്കാർ നടത്തിയ അടിച്ചമർത്തൽ നടപടികളുടെ ഫലമായി ഇപ്പോൾ സംഘടന പ്രവർത്തിക്കുന്നില്ല. എന്നാൽ പ്രവർത്തിച്ച മുപ്പതു വർഷങ്ങളിൽ ഈ സംഘടന പുറത്തുകൊണ്ടുവന്ന രഹസ്യങ്ങൾ കമ്യുണിസ്റ്റ് ഏകാധിപത്യത്തിന്റെ ലോകത്തെവിടെയുമുള്ള ആരാധകരെ എല്ലാക്കാലവും അലോസരപ്പെടുത്താൻ പോന്നതാണ്.  ദേശവിരുദ്ധ കൂട്ടം എന്നാരോപിച്ചാണ് റഷ്യൻ ഭരണകൂടം കഴിഞ്ഞ വർഷം മെമ്മോറിയലിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്.

യുക്രൈനിയൻ സെന്റർ ഫോർ സിവിൽ ലിബർട്ടീസിന് സമാധാന നൊബേൽ നേടിക്കൊടുത്തത് റഷ്യൻ അധിനിവേശത്തിന് ശേഷം നടത്തിയ യുദ്ധവിരുദ്ധ പ്രവർത്തനങ്ങൾ ആണ്. റഷ്യൻ പട്ടാളം കീഴടക്കിയ യുക്രൈൻ പ്രദേശങ്ങളിൽ അവർ നടത്തിയ കൊടും ക്രൂരതകളും കൂട്ടക്കൊലകളും പുറത്തുകൊണ്ടുവന്നത് ഈ സംഘടനയാണ്.

ജനാധിപത്യം, പൗരാവകാശം എന്നിവയോടുളള വിട്ടുവീഴ്ചയില്ലാത്ത കൂറിനും അധികാരത്തെ ചോദ്യം ചെയ്യാൻ കാട്ടിയ ധീരതയ്ക്കുമാണ് ഇത്തവണത്തെ പുരസ്കാരങ്ങളെന്ന് നൊബേൽ സമിതി വ്യക്തമാക്കി. പുരസ്‌കാരം ഒരു വ്യക്തിക്കും എതിരല്ല. പൗരാവകാശങ്ങളെയും മനുഷ്യവകാശങ്ങളെയും അടിച്ചമർത്തുന്ന സാഹചര്യത്തെയാണ് ഈ പുരസ്‌കാരം അഭിസംബോധന ചെയ്യുന്നതെന്നും നോർവീജിയൻ തലസ്ഥാനമായ ഓസ്‌ലോവിൽ പുരസ്‌കാര പ്രഖ്യാപനം നടത്തിയ നൊബേൽ സമിതി അധ്യക്ഷ ബെറിട്ട് റീസ് ആൻഡേഴ്‌സൺ വിശദീകരിച്ചു. 

 

click me!