
കാലിഫോർണിയയിൽ ഇന്ത്യൻ വംശജരെ തോക്കിൻമുനയിൽ നിർത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പുളള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 36 കാരനായ ജസ്ദീപ് സിംഗ്, 27 കാരിയായ ജസ്‌ലീൻ കൗർ, അവരുടെ എട്ട് മാസം പ്രായമുള്ള കുട്ടി അരൂഹി ധേരി, ഇവരുടെ ബന്ധു 39 കാരനായ അമൻദീപ് സിംഗ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൗത്ത് ഹൈവേ 59-ലെ 800 ബ്ലോക്കിൽ നിന്നാണ് ഇവരെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയത്.
മൃതദേഹങ്ങൾ ഇവരെ കാണാതായ പ്രദേശത്തുനിന്നാണ് കണ്ടെത്തിയതെന്നും സംഭവത്തിൽ 48കാരനായ ജീസസ് സൽഗാഡോയെ എന്നയാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചിരുന്നു. ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ വ്യക്തമാക്കി.
കുടുംബത്തെ തട്ടിക്കൊണ്ടുപോകുന്ന സമയത്തെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ജ്സദീപിനെയും അമൻദീപ് സിംഗിനെയും ഒരുമിച്ച് കൈകെട്ടിയ നിലയിൽ കൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം. തോക്കിൻ മുനയിൽ പ്രതി ജസ്ലീനെയും കുഞ്ഞിനെയും കൊണ്ടുപോകുന്നതും കാണാം.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന അഗ്നിക്കിരയായതായി പൊലീസിന് വിവരം ലഭിച്ചതോടെയാണ് തട്ടിക്കൊണ്ടുപോകൽ പുറത്തായത്. അമൻദീപ് സിംഗിന്റേതായിരുന്നു കത്തിയ കാർ. ഇയാളുടെ വീട്ടിൽ ആരുമില്ലാതിരുന്നതിനെ തുടർന്ന് പൊലീസ് ഒരു ബന്ധുവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വീട്ടുകാരെ കാണാതായതായി കണ്ടെത്തി. ഇവരുടെ വീട്ടിലെ സിസിടിവിയിൽ നിന്ന് ലഭിച്ച സെക്യൂരിറ്റി ഫൂട്ടേജുകൾ തട്ടിക്കൊണ്ടുപോകൽ നടന്നതായി വെളിപ്പെടുത്തി. ഇതോടെ അന്വേഷണം വ്യാപകമാവുകയും എഫ്ബിഐയും മറ്റ് ഏജൻസികളും അന്വേഷണം ഊർജിതമാക്കുകയുമായിരുന്നു.
തോട്ടത്തിനടുത്തുള്ള ഒരു കർഷകത്തൊഴിലാളി ഇന്നലെ വൈകിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇയാൾ ഉടൻ തന്നെ പൊലീസിൽ ബന്ധപ്പെടുകയും ചെയ്തു. എല്ലാ മൃതദേഹങ്ങളും അടുത്തടുത്താണ് കണ്ടെത്തിയത്. പഞ്ചാബിലെ ഹോഷിയാർപൂർ സ്വദേശികളാണ് ഇവർ. തട്ടിക്കൊണ്ടുപോയവരുടെ ബാങ്ക് കാർഡുകളിലൊന്ന് മെഴ്‌സ്ഡ് കൗണ്ടിയിലെ അറ്റ്‌വാട്ടറിലെ എടിഎമ്മിൽ ഉപയോഗിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതിനെ കേന്ദ്രീകരിച്ചാണ് പിന്നീട് അന്വേഷണം നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam