'ഹിന്ദുഫോബിയ': ഇന്ത്യ-പാക് മത്സരത്തിന് പിന്നാലെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി ബ്രിട്ടീഷ് നേതാവ്

By Web TeamFirst Published Oct 7, 2022, 3:08 PM IST
Highlights

'ഹിന്ദുഫോബിയ' എന്ന പദം ഉപയോ​ഗിച്ചാണ് അദ്ദേഹം അക്രമണങ്ങളെ അപലപിച്ചത്. ലണ്ടനിൽ നടന്ന നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലണ്ടൻ: ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തെ തുടർന്ന്ന ബ്രിട്ടനിലെ  ലെസ്റ്ററിലും ബർമിംഗ്ഹാമിലും നടന്ന വർഗീയ സംഘട്ടനങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടി രം​ഗത്തെത്തി. എല്ലാ തരത്തിലുമുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെയും പോരാടുമെന്നും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. 'ഹിന്ദുഫോബിയ' എന്ന പദം ഉപയോ​ഗിച്ചാണ് അദ്ദേഹം അക്രമണങ്ങളെ അപലപിച്ചത്. ലണ്ടനിൽ നടന്ന നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭജന രാഷ്ട്രീയവും സമൂഹങ്ങൾക്കിടയിൽ വിദ്വേഷം പരത്താൻ സോഷ്യൽ മീഡിയയെ ഉപയോ​ഗിക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ പോരാടുമെന്നും അ​ദ്ദേഹം പറഞ്ഞു.

ലെസ്റ്ററിലെ അക്രമം ഹിന്ദുഫോബിയക്ക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ പ്രചാരണത്തിന് പിന്നാലെ ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ നടന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുഫോബിയയ്ക്ക് നമ്മുടെ സമൂഹത്തിൽ ഒരിടത്തും സ്ഥാനമില്ല. നാമെല്ലാവരും ഒരുമിച്ച് ഇതിനെ ചെറുക്കണമെന്നും സ്റ്റാർമർ പറഞ്ഞു.

മതത്തിന്റെ അടിസ്ഥാനത്തിൽ ചിലരെ ലക്ഷ്യമിടുന്നുണ്ടെന്നും അടുത്ത കാലത്തായി വിദ്വേഷ കുറ്റകൃത്യങ്ങളിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും എനിക്കറിയാം. വിഭജന രാഷ്ട്രീയത്തിൽ ഞാൻ മടുത്തു. ലെസ്റ്ററിലെ തെരുവുകളിൽ കണ്ട വിഭജനത്തിൽ ഞാൻ ദുഃഖിതനാണ്. പ്രശ്നങ്ങൾ മുതലെടുക്കാനുള്ള തീവ്ര വലതുപക്ഷത്തിന്റെ ശ്രമം വെച്ചുപൊറുപ്പിക്കില്ല. ഭിന്നിപ്പിക്കുന്നതിനേക്കാൾ നമ്മെ ഒന്നിപ്പിക്കാനുള്ള ഘടകങ്ങൾ നമുക്കുണ്ട്. നമ്മുടെ മതവും ആരാധനാലയങ്ങളും ആരാധനാ ചിഹ്നങ്ങളും ബഹുമാനിക്കപ്പെടും. ലേബർ ഗവൺമെന്റ് ജനങ്ങളെ ഒരുമിപ്പിക്കുകയും വിഭജന രാഷ്ട്രീയം അവസാനിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയോടുള്ള മുൻഗാമി ജെറമി കോർബിന്റെ നിലപാടിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന നേതാവാണ് കെയർ സ്റ്റാർമർ. ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന് പിന്നാലെയാണ് ലെസ്റ്ററിലെ വിവിധ ഭാ​ഗങ്ങളിൽ ആക്രമണമുണ്ടായത്. 
 

click me!