2005 ൽ ആരും കാര്യമാക്കിയില്ല, പക്ഷേ 2019 ൽ ലോകത്തിന് രക്ഷയായതും ഇവരുടെ 'ബുദ്ധി'! ഒടുവിൽ മഹത്തായ ആദരം

Published : Oct 02, 2023, 06:30 PM IST
2005 ൽ ആരും കാര്യമാക്കിയില്ല, പക്ഷേ 2019 ൽ ലോകത്തിന് രക്ഷയായതും ഇവരുടെ 'ബുദ്ധി'! ഒടുവിൽ മഹത്തായ ആദരം

Synopsis

കാറ്റലിൻ കാരിക്കോയുടെയും ഡ്രൂ വൈസ്മാന്റെയും വർഷങ്ങൾ നീണ്ട ഗവേഷണങ്ങളുടെ ഫലമാണ് കൊവിഡ് കാലത്ത് അതിവേഗ എം ആർ എൻ എ വാക്സീൻ വികസനം സാധ്യമാക്കിയത്

സ്റ്റോക്ഹോം: 2023 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാര പ്രഖ്യാപനം കൊവിഡ് കാലത്തെ ഭീതിയിൽ നിന്നുള്ള മനുഷ്യരാശിയുടെ നന്ദിപ്രഖ്യാപനമാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാകില്ല. കാറ്റലിൻ കാരിക്കോയ്ക്കും, ഡ്രൂ വൈസ്മാനുമുള്ള നൊബേൽ, കൊവിഡ് 19 എം ആർ എൻ എ വാക്സീൻ വികസനത്തിലടക്കം നിർണായകമായ ഗവേഷണത്തിനുള്ള ആദരം കൂടിയാണ്. കൊവിഡ് മഹാമാരിയോട് പൊരുതാൻ ലോകത്തിന് ആയുധം നൽകിയ ഗവേഷണത്തിനാണ് ഇക്കുറി നോബേൽ തിളക്കം എന്ന് ചുരുക്കി പറയാം. കാറ്റലിൻ കാരിക്കോയുടെയും ഡ്രൂ വൈസ്മാന്റെയും വർഷങ്ങൾ നീണ്ട ഗവേഷണങ്ങളുടെ ഫലമാണ് കൊവിഡ് കാലത്ത് അതിവേഗ എം ആർ എൻ എ വാക്സീൻ വികസനം സാധ്യമാക്കിയത്.

കൊവിഡിൽ നിന്ന് മനുഷ്യരാശിയെ രക്ഷിച്ച കണ്ടുപിടിത്തത്തിന് നൊബേൽ സമ്മാനം, ആ രണ്ടുപേർക്കും വൈദ്യശാസ്ത്ര നൊബേൽ

1997 ൽ പെൻസിൽവാനിയ സർവകലാശാലയിലെ ഒരു ഫോട്ടോക്കോപ്പി മെഷീനിനടുത്ത് വച്ച് തുടങ്ങിയ സൗഹൃദമാണ് ഇപ്പോൾ നോബേൽ വരെയെത്തി നിൽക്കുന്നത്. ആ‌ർ എൻ എ അധിഷ്ഠിത ചികിത്സാ രീതികൾ പല തരത്തിൽ പരീക്ഷിക്കപ്പെടുന്നുണ്ടായിരുന്നെങ്കിലും കാര്യമായ ഫലപ്രാപ്തി നൽകുന്നുണ്ടായിരുന്നില്ല. ഇതിന് കാരണം ശരീരം ഇത്തരം ആർ എൻ എ അധിഷ്ഠിത മരുന്നുകളെ പുറന്തള്ളാൻ ശ്രമിക്കുന്നതാണെന്ന് കാരിക്കോയും വൈസ്മാനും തിരിച്ചറിഞ്ഞു. അതിനുള്ള പരിഹാരവും കണ്ടെത്തി. ആർ എൻ എയിൽ എങ്ങനെ മാറ്റങ്ങൾ വരുത്തിയാൽ പ്രതികൂല ഫലങ്ങൾ ഒഴിവാക്കാമെന്ന ഇവരുടെ ആദ്യ ഗവേഷ പ്രബന്ധം വരുന്നത് 2005 ലാണ്. തുടക്കത്തിൽ ഇവരുടെ പഠനം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. തുടർപഠനങ്ങൾ ഈ സാങ്കേതിക വിദ്യ വാക്സീൻ നിർമ്മാണത്തിന് അനുയോജ്യമെന്ന് കണ്ടെത്തി.

കൊവിഡ് മഹാമാരി പടർന്നുപിടിക്കുന്നതിന് മുമ്പ് തന്നെ ഈ സാങ്കേതിക വിദ്യയുപയോഗിച്ച് ഇൻഫ്ലുവൻസ് വാക്സീൻ അടക്കം നിർമ്മിക്കാനുള്ള ഗവേഷണം നടക്കുന്നുണ്ടായിരുന്നു. ദീർഘകാലത്തെ പഠനങ്ങളുടെ പിൻബലം കൊവിഡ് വാക്സീൻ വികസനം വേഗത്തിലാക്കി. അറുപത്തിനാല് കാരനായ വൈസ്മാൻ ഇപ്പോഴും പെൻസിൽവാനിയ സർവകലാശാലയിൽ തുടരുകയണ്. ഹംഗറിയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ കാറ്റലിൻ കാരിക്കോ വൈദ്യശാസ്ത്ര നോബേൽ നേടുന്ന പതിമൂന്നാമത്തെ വനിതയാണ്. അക്കാദമിക് രംഗത്തെ തന്‍റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന 'ബ്രേക്കിംഗ് ത്രൂ' , മൈ ലൈഫ് ഇൻ സയൻസ് എന്ന പുസ്തകം ഈ മാസം പത്താം തീയതി പുറത്തിറങ്ങാനിരിക്കെയാണ് നോബേൽ തിളക്കവും കാറ്റലിനെ തേടിയെത്തിയിരിക്കുന്നത്. കാറ്റലിന്റെ മകൾ സൂസൻ ഫ്രാൻസിയ രണ്ട് വട്ടം ഒളിമ്പിക് സ്വർണ മെഡ‍ൽ നേടിയ തുഴച്ചിൽ താരമാണ്. സാമ്പത്തിക പ്രതിസന്ധികളോടും കാൻസറിനോടും പോരാടി ജയിച്ച കാറ്റലിന്‍റെ കഥ ഭാവി തലമുറയ്ക്ക് പ്രചോദനമാകുമെന്നുറപ്പാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്
'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്