ഒരു കിലോ പഴത്തിന് 3300 രൂപ, കോഫിക്ക് 7400; ഭക്ഷ്യക്ഷാമത്തില്‍ വലഞ്ഞ് ഉത്തരകൊറിയ

By Web TeamFirst Published Jun 21, 2021, 5:39 PM IST
Highlights

കൊവിഡ് മൂലം രാജ്യത്തിന്റെ എല്ലാ അതിര്‍ത്തിയും അടച്ചിട്ട സാഹചര്യത്തില്‍ ഭക്ഷ്യക്ഷാമത്തെ ഉത്തരകൊറിയ എങ്ങനെ അതിജീവിക്കുമെന്നതില്‍ വ്യക്തയില്ല. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം 8.60 ലക്ഷം ടണ്‍ ഭക്ഷ്യധാന്യക്കമ്മിയാണ് ഉത്തരകൊറിയ നേരിടുന്നത്.
 

പോങ്ങ്യാങ്: ക്ഷാമം രൂക്ഷമായ ഉത്തരകൊറിയയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍വിലക്കയറ്റം. വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം അവശ്യവസ്തുക്കളുടെ വില റോക്കറ്റ് കണക്കെ ഉയരുകയാണ്. ഒരു കിലോ വാഴപ്പഴത്തിന് ഏകദേശം 45 ഡോളര്‍(3335 രൂപ) ആണ് തലസ്ഥാന നഗരമായ പോങ്യാങ്ങില്‍ വില. ഒരുപാക്കറ്റ് ചായപ്പൊടിക്ക് 70 ഡോളറും(5190രൂപ), കാപ്പിക്ക് 100 ഡോളറും(7414 രൂപ) ആണ് വില. മറ്റ് ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയര്‍ന്നു. 

ഭക്ഷണം കിട്ടാനില്ല, ഒടുവില്‍ കിം സമ്മതിച്ചു!

ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമമുണ്ടെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ സമ്മതിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കിം പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി യോഗത്തിലാണ് ഭക്ഷ്യക്ഷാമം സമ്മതിച്ചത്. രാജ്യത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ കാര്‍ഷിക മേഖല പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും കിം ആവശ്യപ്പെട്ടു.

കൊവിഡ് മൂലം രാജ്യത്തിന്റെ എല്ലാ അതിര്‍ത്തിയും അടച്ചിട്ട സാഹചര്യത്തില്‍ ഭക്ഷ്യക്ഷാമത്തെ ഉത്തരകൊറിയ എങ്ങനെ അതിജീവിക്കുമെന്നതില്‍ വ്യക്തയില്ല. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം 8.60 ലക്ഷം ടണ്‍ ഭക്ഷ്യധാന്യക്കമ്മിയാണ് ഉത്തരകൊറിയ നേരിടുന്നത്.  ഭക്ഷ്യധാന്യം, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കള്‍ക്ക് ചൈനയെയാണ് ഉത്തരകൊറിയ പ്രധാനമായി ആശ്രയിക്കുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് അതിര്‍ത്തി അടച്ചിട്ടതിനാല്‍ ചരക്കുനീക്കം നിലച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!