ദക്ഷിണ കൊറിയന്‍ സിനിമ കണ്ടു, വില്‍പന നടത്തി; കൌമാരക്കാരെ പരസ്യമായി വെടിവച്ചു കൊന്ന് ഉത്തര കൊറിയ

By Web TeamFirst Published Dec 5, 2022, 7:56 PM IST
Highlights

ഉത്തര കൊറിയയിലെ കുപ്രസിദ്ധമായ ഫയറിംഗ് സ്ക്വാഡാണ് ഇവര്‍ക്കെതിരായ ശിക്ഷ നടപ്പിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. ചൈനാ അതിര്‍ത്തിയിലുള്ള ഹൈസന്‍ നഗരത്തില്‍ പ്രദേശ വാസികളെ ഭീതിയിലാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ശിക്ഷ

ദക്ഷിണ കൊറിയന്‍ സിനിമകള്‍ വില്‍ക്കുകയും കാണുകയും ചെയ്ത രണ്ട് കൌമാരക്കാരെ ഉത്തര കൊറിയയില്‍ വെടിവച്ച് കൊന്നതായി റിപ്പോര്‍ട്ട്. 16ഉം 17ഉം പ്രായമുള്ള ആണ്‍കുട്ടികളെയാണ് വെടിവച്ചുകൊന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര കൊറിയയിലെ കുപ്രസിദ്ധമായ ഫയറിംഗ് സ്ക്വാഡാണ് ഇവര്‍ക്കെതിരായ ശിക്ഷ നടപ്പിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. ചൈനാ അതിര്‍ത്തിയിലുള്ള ഹൈസന്‍ നഗരത്തില്‍ പ്രദേശ വാസികളെ ഭീതിയിലാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ശിക്ഷയെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

ഒക്ടോബര്‍ അവസാന വാരം നടന്ന കൊലയേക്കുറിച്ച് ഇപ്പോള്‍ മാത്രമാണ് വിവരം പുറത്തുവരുന്നതെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അമ്മയെ കൊലപ്പെടുത്തിയ ഒരാളെയും ഇവര്‍ക്കൊപ്പം വെടിവച്ചു കൊന്നിട്ടുണ്ട്. അത്ര തന്നെ രൂക്ഷമായ കുറ്റമാണ് ദക്ഷിണ കൊറിയന്‍ ചിത്രങ്ങള്‍ കാണുന്നതെന്ന് വ്യക്തമാക്കിയാണ് ശിക്ഷാ നടപടി. ഹൈസന്‍ നഗരത്തിലെ ആളുകളെ ഗ്രൂപ്പുകളാക്കി വിളിച്ചു കൂട്ടി. ഇതിന് ശേഷം കൌമാരക്കാരായ ആണ്‍കുട്ടികളെ ഇവര്‍ക്ക് മുന്നിലേക്ക് എത്തിച്ചു. വധശിക്ഷയ്ക്ക് വിധിച്ചു. പിന്നാലെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ റേഡിയോ ഫ്രീ ഏഷ്യയോട് വെളിപ്പെടുത്തിയത്.

പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് ശക്തമായ വിലക്കുള്ള രാജ്യമാണ് ഉത്തര കൊറിയ. രാജ്യത്തെ ജനങ്ങളെ തെറ്റായ വഴിയിലേക്ക് എത്തിക്കുമെന്നാണ് പാശ്ചാത്യ മാധ്യമങ്ങളേക്കുറിച്ച് ഉത്തര കൊറിയന്‍ ഭരണകൂടം വിലയിരുത്തുന്നത്. ദക്ഷിണ കൊറിയ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള പാവയെന്നാണ് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന് നിരീക്ഷിക്കുന്നത്. അതിനാല്‍ തന്നെ ദക്ഷിണ കൊറിയയില്‍ നിന്നെത്തുന്ന മാധ്യമ സ്വഭാവമുള്ള എന്തിനേയും ശക്തമായ ശിക്ഷാ നടപടികളിലൂടെയാണ് ഉത്തര കൊറിയ സ്വീകരിക്കുന്നത്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളും വിലക്കുകളും മറികടന്ന് യുഎസ്ബി ഡ്രൈവുകളിലും എസ്ഡി കാര്‍ഡുകളിലും ദക്ഷിണ കൊറിയന്‍ സിനിമകളും ഗാനങ്ങളും ഉത്തര കൊറിയയിലെത്താറുണ്ട്. ഇവയ്ക്ക് ഏറെ ആരാധകരുണ്ടെന്നാണ് സൂചന.

ചൈനീസ് അതിര്‍ത്തിയില്‍ നിന്നാണ് ഇവ ഉത്തര കൊറിയയില്‍ എത്തുന്നതെന്നാണ് സൂചനകള്‍. ചൈനയ്ക്ക് വേണ്ട വിവരങ്ങള്‍ക്ക് പകരമായാണ് ഇവ ഉത്തര കൊറിയയിലെ ആവശ്യക്കാര്‍ക്ക് നല്‍കുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. ഇത്തരത്തില്‍ സിനിമകള്‍ വില്‍പന നടത്തിയ കൌമാരക്കാരെ ഉത്തര കൊറിയന്‍ ചാരന്മാരാണ് അധികൃതര്‍ക്ക് കാണിച്ചുകൊടുത്തത്. ഇത്തരം ശിക്ഷാ നടപടികള്‍ ഇത് ആദ്യമായല്ല ഉത്തര കൊറിയയില്‍ നടപ്പിലാക്കുന്നത്. നിയമം അനുസരിക്കുന്നതില്‍ വിട്ടുവീഴ്ച വരുത്തുന്ന ജനങ്ങളെ ഭീഷണിപ്പെടുത്താനാണ് പരസ്യമായുള്ള ഇത്തരം ശിക്ഷാ രീതിയെന്നാണ് മാധ്യമങ്ങള്‍ വിശദമാക്കുന്നത്. 

click me!