
വാഷിംഗ്ടൺ: ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മ്മാണത്തിൽ താൻ നൽകിയ മുന്നറിയിപ്പ് അവഗണിച്ച ആപ്പിൾ കമ്പനിക്ക് പുതിയ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഇക്കുറി താരീഫ് ഭീഷണിയെന്ന കാർഡുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെന്നല്ല അമേരിക്കക്ക് പുറത്ത്, ലോകത്തെ ഏത് രാജ്യത്തായാലും ഐ ഫോൺ നിർമ്മാണം നടത്തിയാൽ 25 ശതമാനം താരീഫ് ചുമത്തുമെന്നാണ് ട്രംപിന്‍റെ ഭീഷണി. അമേരിക്കക്ക് പുറത്ത് നിർമ്മിച്ച ഫോണുകൾ അമേരിക്കയില്‍ വിൽപ്പന നടത്തണമെങ്കിൽ 25 ശതമാനം താരിഫ് നൽകേണ്ടിവരുമെന്നാണ് ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ട്രംപ് വിശദീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ വില്‍ക്കുന്ന ഫോണുകള്‍ തദ്ദേശീയമായി നിര്‍മിച്ചതായിരിക്കണമെന്നും പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള ആപ്പിളിന്റെ തീരുമാനത്തിനെതിരെയുള്ള കഴിഞ്ഞ ആഴ്ചയാണ് യു എസ് പ്രസിഡന്റ് ആദ്യം രംഗത്തെത്തിയത്. ഖത്തറിലെ ദോഹയിൽ നടന്ന ഒരു ബിസിനസ് പരിപാടിയിൽ ഡോണൾഡ് ട്രംപ്, ആപ്പിൾ സി ഇ ഒ ടിം കുക്കിനോട് ഇക്കാര്യത്തിലെ എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനെതിരെ ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു. ആപ്പിൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ തനിക്ക് താൽപര്യമില്ലെന്ന് തന്നെ ആപ്പിൾ സി ഇ ഒയോട് ട്രംപ് പരസ്യമായി പറഞ്ഞു. ഇന്ത്യയുടെ കാര്യം ഇന്ത്യ നോക്കിക്കോളുമെന്നും അമേരിക്കയിലായിരിക്കണം നിർമാണം നടത്തേണ്ടതെന്നും പ്രസിഡന്‍റ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ യു എസ് പ്രസിഡന്‍റിന്‍റെ ഈ മുന്നറിയിപ്പ് ആപ്പിൾ കമ്പനി തള്ളിക്കളയുകയായിരുന്നു. നിക്ഷേപ പദ്ധതികളിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ആപ്പിൾ, ഇന്ത്യൻ സർക്കാരിന് ഉറപ്പ് നൽകിയതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ ആപ്പിളിന്റെ നിക്ഷേപ പദ്ധതികളിൽ ഒരു മാറ്റവുമില്ല. ഇന്ത്യയെ ഒരു പ്രധാന നിർമ്മാണ കേന്ദ്രമായി ഉപയോഗിക്കുന്നതിനുള്ള പ്രതിബദ്ധത കമ്പനി ഇന്ത്യൻ സർക്കാരിന് ഉറപ്പുനൽകുകയും ചെയ്തു. കോടികൾ മുടക്കിയിട്ട് പെട്ടെന്ന് പദ്ധതി വഴിയിൽ ഉപേക്ഷിക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആപ്പിൾ കമ്പനി ട്രംപിന്‍റെ ആവശ്യം തള്ളിയത്. ഇന്ത്യയെ ഒഴിവാക്കി അമേരിക്കയിൽ ഐഫോണുകൾ നിർമ്മിക്കാൻ തുടങ്ങിയാൽ അത് വലിയ നഷ്ടമായിരിക്കുമെന്ന് വിദഗ്ധരും ചൂണ്ടികാട്ടിയിരുന്നു. അമേരിക്കയിൽ ഫോൺ നിർമിക്കുന്നത് ചെലവേറുമെന്നും ഐഫോണിന്റെ വില കുത്തനെ ഉയരുമെന്നും വ്യവസായ രംഗത്തെ വിദഗ്ധർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ആപ്പിൾ കമ്പനിക്ക് 25 ശതമാനം താരിഫ് ഭീഷണിയുമായി ട്രംപ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam