
വാഷിങ്ടൺ: അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിച്ചിരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികളുടെ സ്വപ്നമാണ് ഇന്നും ഗ്രീൻ കാർഡ് എന്ന് സ്ഥിര താമസ അനുമതി. എന്നാൽ ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷം രാജ്യത്ത് പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷൻ നിയമങ്ങളുടെ ഭാഗമായി വിദേശികളുടെ നിയമലംഘനങ്ങൾ കർശനമായി പരിശോധിക്കാനും ചെറിയ കുറ്റകൃത്യങ്ങളിൽ പോലും ഏർപ്പെടുന്നവരെ നാടുകടകത്താനുമുള്ള നടപടികൾ അധികൃതർ ഊർജിതമാക്കിയിരിക്കുകയാണ്. രാജ്യത്ത് അതിഥികളെപ്പോലെ കഴിയണമെന്ന നിലപാടാണ് വിദേശികളോട് ഇപ്പോൾ അമേരിക്കൻ ഭരണകൂടം സ്വീകരിക്കുന്നത്.
ഗ്രീൻ കാർഡ് ഉടമകളും അമേരിക്കൻ വിസ ലഭിച്ച് രാജ്യത്ത് എത്തിയവരുമൊക്കെ രാജ്യത്തെ നിയമങ്ങളെയും മൂല്യങ്ങളെയും ബഹുമാനിക്കണമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് അധികൃതർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആവശ്യപ്പെട്ടത്. ഗ്രീൻ കാർഡും വിസയും ഒരു അവകാശമല്ലെന്ന മുന്നിറിയിപ്പും ഈ പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഇവയിലൂടെ ലഭിക്കുന്ന അധികാരങ്ങൾ ഒരു വിദേശി അമേരിക്കയിൽ നിയമലംഘനങ്ങൾ നടത്തുന്നതോടെ എടുത്ത് കളയപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമേരിക്കയിൽ പ്രവേശിക്കുന്നതോടെ തങ്ങളുടെ കർശന പരിശോധനകൾ അവസാനിക്കില്ലെന്നും രാജ്യത്ത് വന്ന ശേഷം നിയമങ്ങൾ ലംഘിച്ചാലും അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് അറിയിച്ചു. നിയമങ്ങളും മൂല്യങ്ങളും ബഹുമാനിക്കപ്പെടേണ്ടതുണ്ട്. അക്രമം പ്രോത്സാഹിപ്പിക്കുകയോ ഭീകരവാദത്തെ പിന്തുണയ്ക്കുകയോ മറ്റുള്ളവരെ അത് ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ അമേരിക്കയിൽ താമസിക്കാൻ നിങ്ങൾ അയോഗ്യരാവുമെന്നും അറിയിച്ചിട്ടുണ്ട്. വിസയോ ഗ്രീൻ കാർഡോ നേടിയ വിദേശികളെ കർശന പരിശോധന നടത്താൻ ഹോംലാന്റ് സെക്യൂരിറ്റി വിഭാഗവുമായി ചേർന്ന് നടത്തുന്ന തുടർച്ചയായ ശ്രമങ്ങളും അധികൃതർ വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം