
കാഠ്മണ്ഡു: വാട്ടർ പാർക്ക് അടിച്ചു തകർത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥികൾ. ഡിസ്കൌണ്ട് വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പ്രവേശനം അനുവദിക്കാതിരുന്നതോടെയാണ് വിദ്യാർത്ഥികൾ രോഷാകുലരായത്. നേപ്പാളിലെ ക്ഷീരേശ്വർനാഥ് മുനിസിപ്പാലിറ്റിയിലെ രാംദയ്യയിലെ വണ്ടർ ലാൻഡ് വാട്ടർ പാർക്കിലാണ് സംഭവം.
കൃഷ്ണ ഫൗണ്ടേഷൻ എന്ന സംഘടന വണ്ടർ ലാൻഡ് പാർക്കിന്‍റെ നടത്തിപ്പുകാരുമായി ചേർന്ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഡിസ്കൌണ്ട് നിരക്കിൽ പ്രവേശന ടിക്കറ്റുകൾ വാഗ്ദാനം ചെയ്തു. 950 രൂപയുടെ ടിക്കറ്റുകൾ ഇ-സേവ വഴി 100 രൂപയ്ക്ക് വിറ്റു. ഇതോടെ ശനിയാഴ്ച പുലർച്ചെ പാർക്കിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾ എത്തി. ഇത്രയും പേരെ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് പറഞ്ഞ് പാർക്കിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചതോടെയാണ് തർക്കം തുടങ്ങിയത്.
തർക്കത്തിനിടെ പാർക്ക് ജീവനക്കാർ കയ്യേറ്റം ചെയ്തെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. തുടർന്നാണ് വിദ്യാർത്ഥികൾ പാർക്ക് അടിച്ചുതകർത്തത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ എത്തിയ പൊലീസിന് നേരെ വിദ്യാർത്ഥികൾ കല്ലെറിഞ്ഞു. ഇതോടെ രണ്ട് റൌണ്ട് കണ്ണീർവാതകം പ്രയോഗിച്ചതായി ധനുഷ ജില്ലാ പൊലീസ് ഓഫീസിലെ ഇൻസ്പെക്ടർ സഞ്ജീവ് കുമാർ യാദവ് പറഞ്ഞു. കല്ലേറിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് മണിക്കൂർ നേരത്തേക്ക് കൃഷ്ണ ഫൌണ്ടേഷൻ പാർക്ക് വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്ന് പാർക്ക് മാനേജർ അഭിഷേക് ഗോയങ്ക പറഞ്ഞു. പാർക്കിൽ 1000 മുതൽ 1500 വരെ ആളുകളെ ഉൾക്കൊള്ളാൻ കഴിയും. പക്ഷേ 2000ത്തിലധികം വിദ്യാർത്ഥികളെ അവർ കൊണ്ടുവന്നു. വിദ്യാർത്ഥികളുടെ എണ്ണം കൂടുതലായതിനാൽ പാർക്ക് മാനേജ്‌മെന്‍റിന് സാഹചര്യം കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും അഭിഷേക് ഗോയങ്ക പറഞ്ഞു. ഗേറ്റുകൾ, ലൈറ്റുകൾ, അലങ്കാര വസ്തുക്കൾ എന്നിവ നശിപ്പിച്ചതിലൂടെ 20 ലക്ഷത്തേളം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് പാർക്ക് മാനേജർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam