
ബെയ്ജിങ്: ഓഫീസിലെ പാര്‍ട്ടിയ്ക്കിടെ അമിതമായി മദ്യപിച്ച യുവാവിന് ദാരുണാന്ത്യം. ചൈനയില്‍ നേരത്തെ നടന്ന സംഭവത്തെക്കുറിച്ച് ചൈന മോര്‍ണിങ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 20,000 യുവാന്റെ (2.28 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സമ്മാനം സ്വന്തമാക്കാനായി 10 മിനിറ്റിനുള്ളില്‍ ഒരു ലിറ്റര്‍ മദ്യമാണ് ഇയാള്‍ അകത്താക്കിയത്. വീര്യം കൂടിയ മദ്യം അമിതമായ അളവില്‍ കഴിച്ച് അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ കുഴഞ്ഞുവീണുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഷാങ് എന്ന യുവാവാണ് ചികിത്സയിലിരിക്കെ പിന്നീട് മരണപ്പെട്ടതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓഫീസിലെ പാര്‍ട്ടിയ്ക്കിടെ ബോസാണ് മദ്യപാന മത്സരം പ്രഖ്യാപിച്ചത്. മദ്യപാനത്തില്‍ ഷാങിനെ തോല്‍പ്പിക്കുന്നവര്‍ക്ക് 20,000 യുവാന്‍ സമ്മാനം നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഷാങ് ആദ്യം മദ്യപിച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തേക്കാള്‍ മദ്യപിക്കുന്നയാള്‍ക്ക് 5,000 യുവാന്‍ നല്‍കുമെന്ന് ബോസ് പ്രഖ്യാപിച്ചതായി സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു. ആരും വെല്ലുവിളി ഏറ്റെടുക്കാതിരുന്നപ്പോള്‍ സമ്മാനത്തുക 10,000 യുവാനാക്കി വര്‍ദ്ധിപ്പിച്ചു. താന്‍ വിജയിച്ചാല്‍ എന്ത് തരുമെന്ന് ബോസിനോട് ഷാങ് ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മാനത്തുക 20,000 യുവാനാക്കി ഉയര്‍ത്തി. എന്നാല്‍ തോറ്റാല്‍ കമ്പനിയിലെ എല്ലാവര്‍ക്കും ചെലവ് ചെയ്യാന്‍ 10,000 യുവാന്‍ ഷാങ് തിരികെ നല്‍കണമെന്നും ബോസ് പ്രഖ്യാപിച്ചു.
Read also: ഷൂ ധരിക്കാന്‍ നോക്കിയപ്പോള്‍ തലപൊക്കിയത് കുഞ്ഞ് സര്‍പ്പം; വൈറലായി വീഡിയോ !
കമ്പനിയെ ഡ്രൈവര്‍ ഉള്‍പ്പെടെ നിരവധിപ്പേരോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും വിജയിച്ചില്ല. പത്ത് മിനിറ്റ് സമയത്തിനുള്ളില്‍ ഒരു ലിറ്റര്‍ മദ്യമാണ് ഷാങ് കുടിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. 30 മുതല്‍ 60 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ ബെജിയൂ (Baijiu) എന്ന മദ്യമാണത്രെ ഇയാള്‍ ഒറ്റയടിക്ക് അകത്താക്കിയത്. അധികം വൈകാതെ കുഴഞ്ഞുവീണ ഷാങിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ആല്‍ക്കഹോള്‍ പോയിസണിങ്, ആസ്‍പിറേഷന്‍ ന്യുമോണിയ, ശ്വാസതടസം, ഹൃദയാഘാതം എന്നിവയാണ് ഇയാള്‍ക്ക് അമിത മദ്യപാനം കാരണമായി ഉണ്ടായതെന്ന് ആശുപത്രി രേഖകള്‍ പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷം ചികിത്സയിലിരക്കവെയായിരുന്നു ഷാങിന്റെ അന്ത്യം.
മരണത്തിന് ശേഷം സംഭവത്തില്‍ അധികൃതരുടെ അന്വേഷണവും നടപടികളും പുരോഗമിക്കുകയാണ്. കമ്പനി അടച്ചുപൂട്ടുമെന്ന് വിചാറ്റ് ഗ്രൂപ്പില്‍ ഔദ്യോഗികമായി അറിയിച്ചതായും ജീവനക്കാര്‍ പറയുന്നു. സമാനമായ തരത്തില്‍ മദ്യപാന മത്സരം നടത്തി ജീവന്‍ നഷ്ടമായ സംഭവങ്ങള്‍ നേരത്തെയും ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam