
വാഷിംഗ്ടൺ: സ്കൂളിൽ വച്ച് വംശീയമായി അധിക്ഷേപിച്ച സഹപാഠിയുടെ മൂക്കിടിച്ച് തകർത്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കയുടെ മുൻ പ്രസിഡന്റ് ബാരക് ഒബാമ. അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ബ്രൂസ് സ്പ്രിങ്സ്റ്റീനുമായുള്ള സ്പോട്ടിഫൈ പോഡ്കാസ്റ്റിലാണ് ഒബാമ കുട്ടിക്കാലത്തുള്ള സംഭവത്തെ കുറിച്ച് പറഞ്ഞത്. ആദ്യമായിട്ടാണ് ഒബാമ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തുന്നത്. 'ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് ബാസ്കറ്റ് ബോൾ കളിക്കാറുണ്ടായിരുന്നു. ഒരുദിവസം എന്നെ അധിക്ഷേപിക്കുന്ന ഒരു വാക്ക് വിളിച്ചു. ആ വാക്കിന്റെ അർത്ഥമൊന്നും എനിക്കറിയല്ലായിരുന്നു. എന്നാൽ അങ്ങനെ വിളിച്ചാൽ എനിക്ക് വേദനിക്കുമെന്ന് അവനറിയാമായിരുന്നു. ഞാനവന്റെ മൂക്ക് ഇടിച്ചു തകർത്തു.' ഒബാമയുടെ വെളിപ്പെടുത്തൽ.
ഒബാമയുടെ തുറന്നു പറച്ചിലിന് നന്നായി എന്നായിരുന്നു സ്പ്രിങ്സ്റ്റീന്റെ മറുപടി. ഒരിക്കലും തന്നെ അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞതായും ഒബാമ കൂട്ടിച്ചേർത്തു. അപരനേക്കാൾ മികച്ചവനാണ് താനെന്ന തോന്നൽ ഒരാൾക്കുണ്ടാകുമ്പോഴാണ് വംശീയ അധിക്ഷേപം സംഭവിക്കുന്നതെന്നും ഒബാമ വ്യക്തമാക്കി. 'ഒരു പക്ഷേ ഞാൻ കറുത്തവനാകാം, നിന്ദ്യനായിരിക്കാം, അറിവില്ലാത്തവനായിരിക്കാം, ഞാൻ വൃത്തികെട്ടവനായിരിക്കാം, എനിക്ക് എന്നെ ഇഷ്ടമായിരിക്കില്ല. എന്നാൽ ഞാൻ എന്തല്ല എന്ന് നിങ്ങൾക്കറിയാമോ? ഞാൻ നിങ്ങളല്ല.' ഒബാമ പറഞ്ഞു.
ചതിക്കുക, വഞ്ചിക്കുക, കൊല്ലുക, ബലാത്സംഗം ചെയ്യുക തുടങ്ങി ഒരുവനോട് മനുഷ്യത്വ വിരുദ്ധമായി പെരുമാറുന്നതിനെ ന്യായീകരിക്കാനുള്ള സ്ഥാപിത മനശാസ്ത്രമാണിതെന്നും ഒബാമ കൂട്ടിച്ചേർത്തു. അമേരിക്കയിലെ വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് മുമ്പും ഒബാമ ചർച്ചകളിൽ പരാമർശിച്ചിട്ടുണ്ട്. അമേരിക്കയുടെ നാൽപത്തിനാലാമത്തെ പ്രസിഡന്റായിരുന്നു ബരാക് ഒബാമ. തുടർച്ചയായി രണ്ട് തവണ അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam