Ukraine Crisis: യുക്രൈന് ഇന്ത്യയുടെ പരിപൂർണ പിന്തുണ ഇല്ല; നിഷ്പക്ഷ നിലപാട് തുടരുമെന്നാവർത്തിച്ച് ഇന്ത്യ

By Web TeamFirst Published Feb 28, 2022, 7:18 AM IST
Highlights

ഐക്യരാഷ്ട്ര സഭയിൽ റഷ്യയ്ക്കെതിരായ പ്രമേയത്തിൻറെ വോട്ടെടുപ്പിൽ നിന്ന് നേരത്തെ ഇന്ത്യ നവിട്ടു നിന്നിരുന്നു. ഇങ്ങനെ വിട്ടു നിന്നത് സമാധാന ശ്രമങ്ങൾക്ക് ഇടം നൽകാനെന്നായിരുന്നു ഇന്ത്യുടെ നിലപാട്യ. റഷ്യയെ പിണക്കിയത് കൊണ്ട് ഒരു കാര്യവുമില്ലെന്നും അന്ന് ഇന്ത്യ വിലയിരുത്തി. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് റഷ്യക്കെതിരായ യുഎൻ പ്രമേയത്തിൻറെ വോട്ടെടുപ്പിൽ നിന്ന് അന്ന് വിട്ടുനിന്നത്

ദില്ലി: റഷ്യയുടെ (russia)അതിരൂക്ഷ ആക്രമണം നേരിടുന്ന യുക്രൈന് (ukraine)ഇന്ത്യയുടെ (india) പരിപൂർണ പിന്തുണ ഇല്ല. റഷ്യ യുദ്ധം നിർത്തണമെന്ന പ്രമേയം പാസാക്കാനായി ഇന്ന് ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭയിലും(un general assembly) നിഷ്പക്ഷ നിലപാട് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി(india to remain neutral).

നേരത്തേയും ഇന്ത്യ ഇത്തരമൊരു നിഷ്പക്ഷ നിലപാടാണ് തുടർന്നിരുന്നത്. ഐക്യരാഷ്ട്ര സഭയിൽ റഷ്യയ്ക്കെതിരായ പ്രമേയത്തിൻറെ വോട്ടെടുപ്പിൽ നിന്ന് നേരത്തെ ഇന്ത്യ നവിട്ടു നിന്നിരുന്നു. ഇങ്ങനെ വിട്ടു നിന്നത് സമാധാന ശ്രമങ്ങൾക്ക് ഇടം നൽകാനെന്നായിരുന്നു ഇന്ത്യുടെ നിലപാട്യ. റഷ്യയെ പിണക്കിയത് കൊണ്ട് ഒരു കാര്യവുമില്ലെന്നും അന്ന് ഇന്ത്യ വിലയിരുത്തി. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് റഷ്യക്കെതിരായ യുഎൻ പ്രമേയത്തിൻറെ വോട്ടെടുപ്പിൽ നിന്ന് അന്ന് വിട്ടുനിന്നത്.

ഒൻപത് വരിയുള്ള പ്രസ്താവനയാണ് നിലപാട് വിശദീകരിച്ച് ഇന്ത്യ നടത്തിയത്. യുക്രൈനിലെ ഇപ്പോഴത്തെ സംഭവങ്ങളിൽ വലിയ അസ്വസ്ഥതയുണ്ട്. അക്രമം അവസാനിപ്പിക്കണം. മനുഷ്യ ജീവൻ ഇല്ലാതാക്കി ഒരു വിഷയവും പരിഹരിക്കാനാവില്ല. യുഎൻ ചട്ടങ്ങൾ പാലിക്കണം. എല്ലാ രാജ്യങ്ങളുടെയും പരാമാധികാരവും അഖണ്ഡതയും സംരക്ഷിക്കണം. ചർച്ചയിലൂടെ മാത്രമേ ഇപ്പോഴത്തെ വിഷയങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിൽ ചർച്ചയ്ക്കുള്ള എല്ലാ വഴിയും തേടണം. ഈ കാരണം കൊണ്ട് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്നായിരുന്നു വിശദീകരണം.

സമാധാനത്തിന് ഒരിടം കൂടി നൽകാനാണ് തീരുമാനം എന്ന് സർക്കാർ പറയുന്നു. റഷ്യയെ തള്ളിയത് കൊണ്ടു മാത്രം ഇപ്പോഴത്തെ സംഘർഷം അവസാനിപ്പിക്കാൻ കഴിയില്ലെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിൽ നല്ല ബന്ധമാണുള്ളത്. തത്കാലം ഒറ്റ വോട്ടു കൊണ്ട് ഇത് തകർക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ ആയുധ കരാറുകളും വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കാൻ കാരണമായി. ചൈനയും പാകിസ്ഥാനും യോജിച്ച് നിൽക്കുമ്പോൾ റഷ്യയെക്കൂടി ആ അച്ചുതണ്ടിൽ ചേർക്കേണ്ടതില്ലെന്നാണ് ഇന്ത്യ കരുതുന്നത്. ചൈന അതിർത്തിയിൽ കടന്നുകയറ്റം നടത്തിയപ്പോൾ അമേരിക്കയേക്കാൾ ഇന്ത്യയോട് ചേർന്ന് നിന്നത് റഷ്യയാണെന്നതും പ്രധാനമാണ്. കശ്മീരിന്റെ കാര്യത്തിലും മോദിയുടെ നയത്തെ പുട്ടിൻ എതിർത്തിരുന്നില്ല.

എന്നാൽ വരും നാളുകളിൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അതൃപ്തി ഇന്ത്യയ്ക്ക് നേരിടേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇത് പരിഹരിക്കാനുള്ള നീക്കങ്ങൾ തുടങ്ങാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. സമാധാനത്തിന് ഇടം നൽകാനാണ് വിട്ടു നിന്നതെന്ന് വിശദീകരിക്കുമ്പോൾ, ഇന്ത്യയ്ക്ക് എന്തെങ്കിലും മധ്യസ്ഥ നീക്കം നടത്താൻ കഴിയുമോ എന്ന് കൂടി വ്യക്തമാകേണ്ടതുണ്ട്.

യുദ്ധസന്നാഹവുമായി റഷ്യ യുക്രൈൻ അതിർത്തിക്കടന്നതിന് പിന്നാലെ കൂടിയ രക്ഷാ സമിതി യോഗത്തിൽ ഒരു രാജ്യവും മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നത് ശരിയല്ലെന്നും വിഷയം എത്രയും വേഗം തീർപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ പേര് എടുത്ത് പറയാതെയായിരുന്നു ഇന്ത്യയുടെ പ്രസ്താവന. 

യുറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിയും ഇന്ത്യയുടെ ഇടപെൽ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ വിളിച്ചു. എന്നാൽ നിഷ്പക്ഷ നിലപാടാണ് ഇന്ത്യയ്ക്കെന്ന് വിദേശകാര്യസഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് പ്രതികരിച്ചു.  

യുക്രൈൻ  പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്ളാദിമിർ സെലൻസ്കിയെ ഫോണിൽ വിളിച്ച് വേദന അറിയിച്ചെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അക്രമം ഉടൻ അവസാനിപ്പിച്ച് ചർച്ച തുടങ്ങണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും മോദി പറഞ്ഞു. യുക്രൈനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോദി യുക്രൈൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയോട് രാഷ്ട്രീയ പിന്തുണ തേടിയെന്ന് സെലൻസ്കി നേരത്തെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

click me!